സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം

ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: യുക്രൈന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ഇവരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

'എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. അവര്‍ ഇപ്പോള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് പടിഞ്ഞാറന്‍ യുെ്രെകനിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഓപ്പറേഷന്‍ ഗംഗയുടെ കീഴിലുള്ള വിമാനങ്ങള്‍ തയ്യാറെടുക്കുകയാണ്.', വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററിലൂടെ അറിയിച്ചു.

ബോംബാക്രമണത്തില്‍ ഒന്‍പത് മരണം

അതേസമയം, സൂമിയില്‍ റഷ്യ ആക്രമണം തുടരുന്നതായുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ബോംബ് ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 9പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഇവിടെനിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ഇന്നലെ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കടുത്ത ഷെല്ലാക്രമണം കാരണം ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നിരുന്നു.


നാലു നഗരങ്ങളില്‍ വെടിനിര്‍ത്തല്‍

സുമി ഉള്‍പ്പെടെ യൂെ്രെകനിലെ നാലു നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കീവ്, ചെര്‍ണിഹീവ്, മരിയൂപോള്‍, സുമി എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് റഷ്യ അറിയിച്ചു. ഇവിടങ്ങളില്‍ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യ ഇടനാഴി തുറക്കുമെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സ്യ അറിയിച്ചു.

യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചശേഷം, കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,68,000 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 5550 പേര്‍ അതിര്‍ത്തി കടന്നു. യുക്രൈനില്‍ നിന്നും വരുന്ന സിവിലിയന്മാര്‍ക്ക് തങ്ങള്‍ താമസസൗകര്യം അടക്കം നല്‍കുന്നതായും റഷ്യന്‍ പ്രതിനിധി യുഎന്നില്‍ അറിയിച്ചു.

സുരക്ഷാ ഇടനാഴി ഒരുക്കിയില്ല

സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാകാത്ത വിഷയം ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി മാനുഷിക ഇടനാഴി ഒരുക്കിയില്ലെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

ഇന്ത്യാക്കാര്‍ അടക്കം എല്ലാ സിവിലിയന്മാരെയും സുരക്ഷിതമായി പുറത്തെത്തിക്കണം. ഇതാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം റഷ്യയോടും യൂെ്രെകനോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു. യുക്രൈനില്‍ നിന്നും 20,000 ത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു.

മറ്റു രാജ്യക്കാരെയും യെ്രെുകനില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 80 ലേറെ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ ദൗത്യത്തിനായി പറന്നത്. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കിയ യുക്രൈന്‍ അധികൃതര്‍ക്കും അയല്‍രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com