'മത്സരിച്ച് കീഴടക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ മന്ത്രം': തിങ്ക് എഡ്യൂ കോണ്‍ക്ലേവിന് ആശംസയുമായി പ്രധാനമന്ത്രി 

വിദ്യാഭ്യാസ മേഖലയിലടക്കം രാജ്യത്തെ എല്ലാ രംഗങ്ങളിലും സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം

ചെന്നൈ: വിദ്യാഭ്യാസ മേഖലയിലടക്കം രാജ്യത്തെ എല്ലാ രംഗങ്ങളിലും സ്വയം പര്യാപ്തത നേടിയെടുക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരിച്ച് കീഴടക്കുക എന്നതാണ് പുതിയ ഇന്ത്യയുടെ മന്ത്രമെന്നും മോദി പറഞ്ഞു.ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച തിങ്ക് എഡ്യൂ കോണ്‍ക്ലേവിന് നല്‍കിയ ആശംസാസന്ദേശത്തിലാണ് മോദിയുടെ ഈ വാക്കുകള്‍.

വ്യക്തിത്വ വികാസത്തിനും സ്വഭാവം രൂപീകരണത്തിനും വിദ്യാഭ്യാസം ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും  ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പങ്കാളിത്തത്തിലൂടെയും നയരൂപീകരണത്തിലൂടെയും വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം നടപ്പാക്കാനാണ് ശ്രമിച്ചുവരുന്നത്.

ദേശീയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കരണം നടപ്പാക്കുന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള വിദ്യാഭ്യാസത്തിലൂടെ യുവജനതയെ ശാക്തീകരിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ ഭാവിയെ മുന്‍നിര്‍ത്തി യുവജനങ്ങളെ പരുവപ്പെടുത്തി എടുക്കുക എന്ന ലക്ഷ്യവും നിലനില്‍ക്കുന്നതായും മോദി പറഞ്ഞു.

കോവിഡ് മഹാമാരി കാലത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യ കാര്യക്ഷമമായി പ്രയോജനപ്പെടുത്താന്‍ സാധിച്ചത് വഴി പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. ഇ-വിദ്യ, വണ്‍ ക്ലാസ് വണ്‍ ചാനല്‍, ഡിജിറ്റല്‍ ലാബ് എന്നിങ്ങനെ വിദ്യാഭ്യാസരംഗത്ത് പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്താന്‍ പ്രയോജനപ്പെടുത്തിയ വിവിധ ഡിജിറ്റല്‍ സേവനങ്ങള്‍ ഭാവിയിലും രാജ്യത്തെ യുവാക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. ബജറ്റില്‍ പ്രഖ്യാപിച്ച  ദേശീയ ഡിജിറ്റല്‍ സര്‍വകലാശാല ഈ രംഗത്തെ പുതിയ കാല്‍വെയ്പ്പാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മയുള്ള പഠനം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സര്‍വകലാശാലയെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുക എന്ന ലക്ഷ്യം പ്രതിഫലിക്കുന്നതാണ് തിങ്ക് എഡ്യൂ കോണ്‍ക്ലേവ്. വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് സഹായകമായ പ്രായോഗിക നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഈ കൂട്ടായ്മയ്ക്ക് സാധിക്കട്ടെ എന്നും മോദി ആശംസിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com