'എന്റെ മകനല്ല, അവൻ മോദിജിയുടെ പുത്രൻ'- കണ്ണീരണിഞ്ഞ് യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വി​ദ്യാർത്ഥിയുടെ പിതാവ് (വീഡിയോ)

ഇന്ത്യയിൽ സുരക്ഷിതരായി തിരിച്ചെത്തിയ സുമിയിൽ നിന്നുള്ള സംഘത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പിതാവിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി: യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷൻ ​ഗം​ഗ പൂർണ വിജയമായി. അവസാനം വരെ ആശങ്കയിലായിരുന്ന സുമിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ സംഘം ഡൽഹിയിലെത്തി. പോളണ്ടിൽ നിന്നു എയർ ഇന്ത്യ വിമാനത്തിലാണ് വിദ്യാർത്ഥികൾ എത്തിയത്. വിദ്യാർത്ഥികളുടെ അടുത്ത സംഘവും ഉടൻ തന്നെ ഡൽഹിയിലെത്തും.

ഇതോടെ ഓപ്പറേഷൻ ഗംഗ ദൗത്യം ഏതാണ്ട് പൂർത്തിയായിരിക്കുകയാണ്. യുക്രൈനിലെ പല നഗരങ്ങളിലും തങ്ങിയ 18000ൽ അധികം ഇന്ത്യൻ വിദ്യാർത്ഥികളെയാണ് കേന്ദ്ര സർക്കാരിന്റെ ഓപ്പറേഷൻ ദൗത്യം വഴി ഇന്ത്യയിലെത്തിച്ചത്. 

ഇപ്പോഴിതാ ഇന്ത്യയിൽ സുരക്ഷിതരായി തിരിച്ചെത്തിയ സുമിയിൽ നിന്നുള്ള സംഘത്തിൽപ്പെട്ട ഒരു വിദ്യാർത്ഥിയുടെ പിതാവിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു. കശ്മീരിൽ നിന്നുള്ള സഞ്ജയ് പണ്ഡിത എന്നയാളുടെ വാക്കുകളാണ് ശ്രദ്ധേയമായത്. തന്റെ മകനെ സുരക്ഷിതമായി രാജ്യത്ത് തിരിച്ചെത്തിച്ച കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നതിനിടെയാണ് കണ്ണീരോടെയുള്ള ഈ പിതാവിന്റെ പ്രതികരണം.

ഇയാളുടെ മകൻ ധ്രുവ് സുമിയിൽ നിന്ന് സുരക്ഷിതമായി ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ മകനെ സ്വീകരിക്കാൻ എത്തിയപ്പോഴായിരുന്നു പിതാവിന്റെ പ്രതികരണം. 

'തിരിച്ചു വന്നിരിക്കുന്നത് എന്റെ മകനല്ല. അവൻ മോദിജിയുടെ മകനാണ് എന്നു പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നു. യുക്രൈനിലെ യുദ്ധ സാഹചര്യത്തിൽ മകന്റെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതീക്ഷകൾ ഉണ്ടായിരുന്നില്ല. എന്റെ മകനെ സുരക്ഷിതമായി തിരിച്ചെതിന് ഞാൻ കേന്ദ്ര സർക്കാരിനോട് നന്ദി പറയുന്നു'- കണ്ണുകൾ നിറഞ്ഞ് ആ പിതാവ് പ്രതികരിച്ചു. 

ഷെല്ലാക്രമണം നടക്കുന്ന മേഖലകളിലടക്കം ബങ്കറുകളിലും മറ്റും അഭയം പ്രാപിച്ചവർ വളരെ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചതും സുരക്ഷിത ഇടനാഴി ഒരുക്കിയതുമാണ് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി അതിർത്തിയിലെത്തിക്കാനും, അവിടെ നിന്ന് നാട്ടിലെത്തിക്കാനും തുണയായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com