'ഞങ്ങള്‍ ശത്രുക്കളല്ല'- മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷനാകണം; നിര്‍ദ്ദേശവുമായി ജി23 നേതാക്കള്‍

ജി23 നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് നേതാക്കളോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റു വാങ്ങിയതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരാനിരിക്കെ നിര്‍ണായക നിര്‍ദ്ദേശവുമായി ജി23 നേതാക്കള്‍. മുകുള്‍ വാസ്‌നിക്കിനെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്നാണ് ജി23 നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെടാന്‍ സാധ്യതയില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

ജി23 നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവരാണ് നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് നേതാക്കളോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

2000ത്തിന് ശേഷം സോണിയാ ഗാന്ധി പാര്‍ട്ടി അധ്യക്ഷയായതിന് സമാനമായി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആള്‍ വരട്ടെയെന്നാണ് ജ23 നേതാക്കള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്തുണ്ടെങ്കിലും കെസി വേണുഗോപാല്‍, അജയ് മാക്കന്‍, രണ്‍ദീപ് സുര്‍ജെവാല എന്നിവരാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. 

രാഹുല്‍ ഗാന്ധി അധ്യക്ഷനല്ല. പക്ഷേ പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ആശയങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. തങ്ങള്‍ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളാണ്. ശത്രുക്കളല്ലെന്നും ജി23 നേതാക്കള്‍ പറയുന്നു. 

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ ഒഴിഞ്ഞേക്കുമെന്ന് സൂചനകളുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വച്ച് ഇരുവരും രാജി സന്നദ്ധത അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയും എഐസിസി കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കാന്‍ സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

സോണിയ സ്ഥാനം രാജി വച്ചാല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന് ഗാന്ധി കുടുംബത്തില്‍ നിന്ന് അല്ലാത്ത ഒരാള്‍ സംഘടനാ തലപ്പത്തേയ്ക്ക് എത്തും. 

അഞ്ച് സംസ്ഥാനങ്ങളില്‍ ഏറ്റ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഇന്ന് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത്. എഐസിസി ആസ്ഥാനത്ത് നടക്കുന്ന വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ തോല്‍വിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യും. നേതൃത്വത്തിന് എതിരെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നടത്തിയ വിമര്‍ശനങ്ങളും ചര്‍ച്ചയായേക്കും എന്നാണ് സൂചന. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലെ ജനറല്‍ സെക്രട്ടറിമാര്‍ തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിക്കും. 

തോല്‍വിക്ക് പിന്നാലെ, പാര്‍ട്ടിയില്‍ നേതൃമാറ്റം വേണമെന്നും പ്രവര്‍ത്തന ശൈലി മാറണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. നേതൃത്വുമായി ഇടഞ്ഞുനില്‍ക്കുന്ന ജി 23 നേതാക്കള്‍, പ്രവര്‍ത്തക സമിതി അടിയന്തരമായി വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഞ്ചാബില്‍ ഭരണം നഷ്ടമായതും പ്രിയങ്ക ഗാന്ധി തന്നെ കളത്തിലിറങ്ങിയിട്ടും യുപിയില്‍ ദയനീയ പരാജയത്തിലേക്ക് പോയതും വലിയ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com