സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രിക്കു പോലും ക്ഷണമില്ല, താരമായി കെജരിവാള്‍ മാത്രം; പഞ്ചാബില്‍ 'കംപ്ലീറ്റ് ആംആദ്മി ഷോ'

കേന്ദ്ര മന്ത്രിമാരോ ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ വലിയ നേതാക്കളോ ചടങ്ങില്‍ ഉണ്ടാവില്ല
ഭഗവന്ത് സിങ് മാന്‍/ഫയല്‍
ഭഗവന്ത് സിങ് മാന്‍/ഫയല്‍

ഷഹീദ് ഭഗത് സിങ് നഗര്‍ (പഞ്ചാബ്) : ഡല്‍ഹിക്കു പുറത്ത് ആംആദ്മി  പാര്‍ട്ടിയുടെ ആദ്യ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ചടങ്ങ് പൂര്‍ണമായും ആംആദ്മി ഷോ ആവും. രാവിലെ പതിനൊന്നരയ്ക്കാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് സിങ് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്കു പോലും ക്ഷണമില്ലാത്ത ചടങ്ങില്‍ എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളാണ് പ്രധാന വിഐപി.

കെജരിവാള്‍ അല്ലാതെ മറ്റു മുഖ്യമന്ത്രിമാര്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിമാരോ ദേശീയ, സംസ്ഥാന പാര്‍ട്ടികളുടെ വലിയ നേതാക്കളോ ചടങ്ങില്‍ ഉണ്ടാവില്ല. എംഎല്‍എമാരും എഎപിയുടെ പഞ്ചാബ് നേതാക്കളുമാവും ചടങ്ങില്‍ പങ്കെടുക്കുക. നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിനെത്തും. സംസ്ഥാനത്തെ കലാകാരന്മാരുടെ സാന്നിധ്യവും ഉണ്ടാവും.

ഭഗത് സിങ്ങിന്റെ ജന്മഗ്രാമമായ ഖത്കര്‍ കാലിനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇവിടെ നൂറേക്കര്‍ വരുന്ന സ്ഥലത്ത് വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലക്ഷത്തിലേറെ പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധമാണ് പന്തല്‍. പുരുഷന്മാര്‍ മഞ്ഞ തലപ്പാവ് അണിഞ്ഞും സ്ത്രീകള്‍ മഞ്ഞ ദുപ്പട്ട ധരിച്ചും ചടങ്ങിനെത്തണമെന്ന് അഭ്യര്‍ഥിച്ച് നിയുക്ത മുഖ്യമന്ത്രി വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഖത്കര്‍ കാലിന്‍ ഇന്ന് മഞ്ഞക്കടല്‍ തന്നെയാവും.

ഭരണകക്ഷിയായ കോണ്‍ഗ്രസിനെയും അകാലി ദള്‍- ബിജെപി സഖ്യത്തെയും ഏറെ പിന്നിലാക്കിയാണ് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി വിജയം നേടിയത്. 117 അംഗ നിയമസഭയില്‍ 92 അംഗങ്ങളാണ് എഎപിക്ക്. കോണ്‍ഗ്രസിന് ജയിപ്പിക്കാനായത് പതിനെട്ടു പേരെ മാത്രം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com