പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹിജാബ് വിധി: കര്‍ണാടകയില്‍ നാളെ മുസ്‌ലിം സംഘടനകളുടെ ബന്ദ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നാളെ കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകള്‍. കര്‍ണാടക അമീറെ ശരീഅത്ത് മൗലാനാ സഗീര്‍ അഹ്മദ് ഖാന്‍ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിധിയില്‍ അങ്ങേയറ്റം ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകള്‍ ബന്ദിന് ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുണ്ട്.

വിഷയം ചര്‍ച്ച ചെയ്യുന്ന പ്രതിഷേധപരിപാടിയില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് എംഎല്‍എ എന്‍എ ഹാരിസ് വ്യക്തമാക്കി. ബന്ദ് ആചരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമാണ് മതനേതാക്കള്‍ ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 

അപ്പീലുകള്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കും: സുപ്രീംകോടതി

ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കും. കേസ് അടിയന്തരമായി പരഗിണിക്കണമെന്ന, സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി.

പരീക്ഷ അടുത്തുവരികയാണെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്ഡെ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നില്‍ അഭ്യര്‍ഥിച്ചു. ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കര്‍ണാടക ഹൈക്കോടതി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളില്‍ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. യൂണിഫോം ഏര്‍പ്പെടുത്തുന്നത് മൗലികഅവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com