ഹിജാബ് നിരോധനം; കര്‍ണാടകയില്‍ ഇന്ന് മുസ്ലീം സംഘടനകളുടെ ബന്ദ്‌

ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെം​ഗളൂരു: കർണാടകയിൽ ഇന്ന് ബന്ദ്. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന കർണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലീം സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്.  രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. 

ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കർണാടകയിലെ പ്രധാന പത്ത് മുസ്‌ലിം സംഘടനകൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സമാധാനപരമായാണ് ബന്ദ് നടത്തുകയെന്ന് ശരീഅത്ത് അമീർ മൗലാന സഗീർ അഹമ്മദ് പറഞ്ഞു. ബന്ദിൻ്റെ ഭാഗമായി പ്രകടനമോ പ്രതിഷേധ റാലികളോ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഹിജാബ് നിരോധനത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ബുധനാഴ്ച ക്ലാസുകൾ ബഹിഷ്കരിച്ചിരുന്നു. ചിക്ക്മംഗളൂരു, ഹാസ്സൻ, റെയ്ച്ചൂർ എന്നീ സ്ഥലങ്ങളിലായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം ഉണ്ടായത്.

ഹോളി അവധിക്ക് ശേഷം അപ്പീലുകൾ പരിഗണിക്കും: സുപ്രീംകോടതി

ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലുകൾ സുപ്രീം കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കും. കേസ് അടിയന്തരമായി പരഗിണിക്കണമെന്ന, സീനിയർ അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെയുടെ ആവശ്യം കണക്കിലെടുത്താണ് നടപടി.

പരീക്ഷ അടുത്തുവരികയാണെന്നും ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്നും സഞ്ജയ് ഹെഗ്ഡെ ചീഫ് ജസ്റ്റിസ് എൻവി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നിൽ അഭ്യർഥിച്ചു. ഒട്ടേറെ പെൺകുട്ടികൾക്ക് പരീക്ഷ എഴുതേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി ഹോളി അവധിക്കു ശേഷം പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.

ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്നു വിലയിരുത്തിയാണ് കർണാടക ഹൈക്കോടതി സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരിവച്ചത്. യൂണിഫോം ഉള്ള സ്ഥാപനങ്ങളിൽ അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. യൂണിഫോം ഏർപ്പെടുത്തുന്നത് മൗലികഅവകാശത്തിന്റെ ലംഘനമാണെന്നു കരുതാനാവില്ലെന്നും കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com