യുക്രൈനിൽ ഷെല്ലാക്രമണത്തിൽ മരിച്ച നവീനിന്റെ മൃതദേഹം ബംഗളൂരുവിലെത്തിച്ചു; ബസവരാജ് ബൊമ്മെ ഏറ്റുവാങ്ങി 

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്
നവീൻ ശേഖരപ്പ
നവീൻ ശേഖരപ്പ

ബം​ഗളൂരു: യുക്രൈനിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം ബംഗളൂരുവിെലത്തിച്ചു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോയി. 

യുക്രൈനിലെ രണ്ടാമത്തെ പ്രധാന ന​ഗരമായ ഖാർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു നവീൻ. ഖാർകീവിൽ മാർച്ച് ഒന്ന് ചൊവ്വാഴ്ച രാവിലെ ഭക്ഷണം വാങ്ങാനായി സൂപ്പർമാർക്കറ്റിൽ വരി നിൽക്കുമ്പോഴാണ് റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്. 

കർണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീൻ. എല്ലാദിവസവും നവീനുമായി കുടുംബം വീഡിയോ കോളിലൂടെ സംസാരിക്കുമായിരുന്നു എന്നാണ് പിതാവ് ശേഖർ ഗ്യാന ഗൗഡർ പറഞ്ഞത്. അപകടം സംഭവിക്കുന്നതിന് ഏതാനും മിനുട്ട് മുമ്പും മകനുമായി സംസാരിച്ചിരുന്നെന്നും പിതാവ് പറഞ്ഞു. ആക്രമണം ഉണ്ടായതിന് പിന്നാലെ, നവീന്റെ സുഹൃത്താണ് ശേഖറിനെ വിളിച്ച് മരണവിവരം അറിയിക്കുന്നത്. ഉടൻ തന്നെ ബന്ധുക്കൾ വിദേശകാര്യമന്ത്രാലയത്തെ ബന്ധപ്പെട്ടു. അവരും വിവരം സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com