ക്ഷേത്രോത്സവത്തില്‍ മുസ്ലീം കച്ചവടക്കാര്‍ വേണ്ട; കര്‍ണാടകയില്‍ പുതിയ വിവാദം

മുന്‍വര്‍ഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത് ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: ഉഡുപ്പിയിലെ ഹൊസ മാര്‍ഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകള്‍ സ്ഥാപിക്കുന്നതില്‍ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി റിപ്പോര്‍ട്ട്. ക്ഷേത്ര ഉത്സവങ്ങളില്‍ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിഷയത്തില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

മുന്‍വര്‍ഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത് ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെയായിരുന്നു. വര്‍ഷം തോറും നൂറിലധികം മുസ്ലീം വീഭാഗത്തില്‍പെട്ടവര്‍ ഇവിടെ സ്റ്റാളുകള്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതര്‍ രംഗത്തെത്തുകയായിരുന്നു. 

'ഞങ്ങള്‍ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, ഹിന്ദുക്കള്‍ക്ക് മാത്രമായി കച്ചവട സ്റ്റാളുകള്‍ ലേലം ചെയ്യാനാണ് തീരുമാനമെന്നാണ് അവര്‍ ഞങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ക്ക് ഇത് സമ്മതിക്കേണ്ടി വന്നു. ചില സംഘടനകളുടെ സമ്മര്‍ദ്ദം അവര്‍ക്കുമേലുണ്ട്,' ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു.

ക്ഷേത്രത്തിന്റെ കെട്ടിടങ്ങളോ സ്ഥലങ്ങളോ അഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് എന്‍ഡോവ്‌മെന്റ് ആക്ട് പറയുന്നു. എന്നിരുന്നാലും, വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും ഹോസ മാരിഗുഡി ക്ഷേത്രത്തിലെ മേളയില്‍ സമാധാനപരമായി പങ്കെടുത്തു വരികയായിരുന്നു. അടുത്തിടെ വിവാദമുയര്‍ത്തിയ ഹിജാബ് പ്രശ്‌നമാകാം ചില സംഘടനകളെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

സംസ്ഥാന നിയമസഭയില്‍ വിഷയം ചര്‍ച്ചയായതോടെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. ക്ഷേത്ര മേളകളില്‍ മാത്രമല്ല, തെരുവുകളിലും സ്റ്റാളുകള്‍ സ്ഥാപിക്കാന്‍ മുസ്ലീങ്ങളെ അനുവദിക്കുന്നില്ലെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവും കോണ്‍ഗ്രസ് നേതാവുമായ യു.ടി.ഖാദര്‍ പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു നിരോധനവും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് നിയമമന്ത്രി മധുസ്വാമി പറഞ്ഞു. ക്ഷേത്ര പരിസരത്തിന് പുറത്ത് ബാനറുകള്‍ സ്ഥാപിച്ചാല്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com