മുടി നീട്ടി വളര്‍ത്തിയതിന് മാതാപിതാക്കളെ വിളിച്ചുവരുത്തി: അധ്യാപകനെ ബിയര്‍ കുപ്പികൊണ്ട് കുത്താന്‍ നോക്കി വിദ്യാര്‍ത്ഥി, അറസ്റ്റ്

നീട്ടി വളര്‍ത്തിയ മുടി വെട്ടണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി പ്രകോപിതനായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: സേലത്ത് പ്രധാനധ്യാപകനെ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി അറസ്റ്റില്‍. നീട്ടി വളര്‍ത്തിയ മുടി വെട്ടണമെന്ന നിര്‍ദേശത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥി പ്രകോപിതനായത്. 26ന് സേലം ആത്തൂര്‍ മഞ്ചിനി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. 

വിദ്യാര്‍ത്ഥിയെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ച പ്രധാനധ്യാപകന്‍, മുടി നീട്ടി വളര്‍ത്തിയ നിലയില്‍ ഇനി സ്‌കൂളില്‍ വരാന്‍ പാടില്ലെന്ന് നിര്‍ദേശിച്ചു. ഇതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി അധ്യാപകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അക്രമാസക്തനായി ഫയലുകളും മറ്റ് സാധനങ്ങളും നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ മറ്റ് ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ പിടിച്ചുമാറ്റി.

ശേഷം വിദ്യാര്‍ത്ഥിയോട് മാതാപിതാക്കളെ വിളിച്ചുകൊണ്ടുവരാനാവശ്യപ്പെട്ടു. തുടര്‍ന്ന് സ്‌കൂളിലെത്തിയ മാതാപിതാക്കളോട് പ്രധാനാധ്യാപകന്‍ സംഭവം വിവരിച്ചു. ഇതിനിടെയാണ് വിദ്യാര്‍ത്ഥി തന്റെ ബാഗില്‍ സൂക്ഷിച്ചിരുന്ന ഒഴിഞ്ഞ ബിയര്‍ കുപ്പി എടുത്ത് പൊട്ടിച്ച് അധ്യാപകനെ കുത്താന്‍ ശ്രമിച്ചത്. താന്‍ മാത്രമാണോ മുടി നീട്ടി വളര്‍ത്തുന്നതെന്നും മറ്റുള്ളവരോട് എന്തുകൊണ്ട് മുടി വെട്ടാന്‍ നിര്‍ദ്ദേശിക്കുന്നില്ലെന്ന് ചോദിച്ചായിരുന്നു അക്രമശ്രമം.

വിവരമറിഞ്ഞ് പൊലീസ് സ്‌കൂളിലെത്തിയെങ്കിലും ആദ്യം താക്കീത് നല്‍കി വിദ്യാര്‍ത്ഥിയ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് അയക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com