നാടകീയം: ഡല്‍ഹിയിലെ ബിജെപി നേതാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു, തടഞ്ഞ് ഹരിയാന പൊലീസ്, തട്ടിക്കൊണ്ടുപോവലിന് ഡല്‍ഹിയില്‍ കേസ്!

അഞ്ചു വട്ടം നോട്ടീസ് നല്‍കിയിട്ടും അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പഞ്ചാബ് പൊലീസ്
ബഗ്ഗയെ കൊണ്ടുവന്ന പഞ്ചാബ് പൊലീസിന്റെ വാഹന വ്യൂഹം കുരുക്ഷേത്രയില്‍ ഹരിയാന പൊലീസ് തടയുന്നു/വിഡിയോ ചിത്രം
ബഗ്ഗയെ കൊണ്ടുവന്ന പഞ്ചാബ് പൊലീസിന്റെ വാഹന വ്യൂഹം കുരുക്ഷേത്രയില്‍ ഹരിയാന പൊലീസ് തടയുന്നു/വിഡിയോ ചിത്രം


ന്യൂഡല്‍ഹി/ചണ്ഡിഗഢ്: മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തില്‍ സംസാരിച്ചതിന് ഡല്‍ഹിയിലെ ബിജെപി നേതാവിനെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് നാടകീയ രംഗങ്ങള്‍. സംസ്ഥാന വക്താവ് തേജിന്ദര്‍ പാല്‍ സിങ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയതിനു പിന്നാലെ ഡല്‍ഹി പൊലീസ് തട്ടിക്കൊണ്ടുപോവലിനു കേസ് രജിസ്റ്റര്‍ ചെയ്തു. ബഗ്ഗയുമായി മൊഹാലിയിലേക്കു പോയ വാഹനം ഹരിയാന പൊലീസ് തടഞ്ഞതോടെ പ്രശ്‌നം വീണ്ടും സങ്കീര്‍ണമായി. 

ഒരു മാസം മുമ്പ് മൊഹാലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് തേജിന്ദര്‍ പാല്‍ ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു വട്ടം നോട്ടീസ് നല്‍കിയിട്ടും അന്വേഷണവുമായി സഹകരിക്കാത്തതിനെത്തുടര്‍ന്നാണ് നടപടിയെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു. 

സാമൂഹ്യ മാധ്യമങ്ങളില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ നിരന്തരം വിമര്‍ശിക്കുന്ന ബഗ്ഗയുടെ അറസ്റ്റ് നാടകീയ സംഭവങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. രാവിലെ എട്ടു മണിയോടെ ജാനകിപുരിയിലെ വീട്ടില്‍ എത്തിയ കുറച്ചുപേര്‍ മകനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ബഗ്ഗയുടെ പിതാവ് പറഞ്ഞു. പിതാവ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് തട്ടിക്കൊണ്ടുപോവലിന് കേസ് രജിസ്റ്റര്‍ ചെയ്തു. 

അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി, എഎപി നേതാക്കള്‍ വാക് പോര് തുടരുന്നതിനിടെ ബഗ്ഗയുമായി പോയ പഞ്ചാബ് പൊലീസിന്റെ വാഹനം കുരുക്ഷേത്രയില്‍ വച്ച് ഹരിയാന പൊലീസ് തടഞ്ഞു.  പഞ്ചാബ് പൊലീസ് സംഘത്തിന്റെ വാഹന വ്യൂഹം ഉള്‍പ്പെടെ ബഗ്ഗയെ കുരുക്ഷേത്രയിലെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 

മൊഹാലി സ്വദേശിയായ സണ്ണി അലുവാലിയ നല്‍കിയ പരാതിയിലാണ് ബഗ്ഗയ്‌ക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. കെജരിവാളിനെതിരെയാണ്, കശ്മീര്‍ ഫയല്‍സ് സിനിമയുമായി ബന്ധപ്പെട്ട് ബഗ്ഗ പരാമര്‍ശം നടത്തിയത്. 

കെജരിവാളിന്റെ സ്വേഛാധിപത്യ സ്വഭാവമാണ് ബഗ്ഗയുടെ അറസ്റ്റിലൂടെ പുറത്തുവന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി. ആംആദ്മി പാര്‍ട്ടി ഭരിക്കുന്ന പഞ്ചാബിലെ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയെപ്പോലെയാണ് കെജരിവാളിന്റെ പ്രവര്‍ത്തനമെന്ന് ബിജെപി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com