അഞ്ച് മാസം, അഞ്ച് പ്രമുഖ നേതാക്കള്‍; കൊഴിഞ്ഞു പോക്ക് തടയാനാകാതെ കോണ്‍ഗ്രസ്

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കങ്ങള്‍ ആരംഭിച്ച കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയാണ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി/ഫയല്‍
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി/ഫയല്‍


2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് വേണ്ടി ഒരുക്കങ്ങള്‍ ആരംഭിച്ച കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയാണ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടത്. ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ക്ക് ധാരണയായെങ്കിലും കൊഴിഞ്ഞു പോക്ക് തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. നേതൃത്വത്തിന് എതിരെയുള്ള കടുത്ത വിയോജിപ്പുകള്‍ക്കൊടുവിലാണ് ജി-23 നേതാക്കളില്‍ പ്രധാനിയായ കപില്‍ സിബല്‍ പുറത്തുപോയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ അഞ്ച് പ്രധാനപ്പെട്ട നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. 

കപില്‍ സിബല്‍ 

കോണ്‍ഗ്രസില്‍ ദേശീയ തലത്തില്‍ ഉടച്ചുവാര്‍ക്കല്‍ വേണമെന്നും മുഴുവന്‍ സമയ അധ്യക്ഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തുവന്ന ജി-23 നേതാക്കളില്‍ കപില്‍ സിബല്‍ ഉള്‍പ്പെട്ടിരുന്നു. പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഇടഞ്ഞു നിന്ന കപില്‍ സിബല്‍ അടുത്തിടെ നടന്ന ചിന്തന്‍ ശിബിരത്തില്‍ നിന്നും വിട്ടു നിന്നിരുന്നു.മാത്രവുമല്ല ഗാന്ധി കുടുംബത്തിന് എതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. 

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മത്സരിക്കും. ഇതിനായി കപില്‍ സിബല്‍ നാമനിര്‍ദേശ പത്രിക നല്‍കി. ബിജെപിക്കെതിരായ പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടാകുമെന്നും മോദിക്കെതിരെ വിശാല സഖ്യമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും കപില്‍ സിബല്‍ പറഞ്ഞു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന കപില്‍ സിബല്‍ യുപിഎ സര്‍ക്കാരില്‍ മാനവ വിഭവശേഷി വകുപ്പ് അടക്കം പ്രമുഖ വകുപ്പുകള്‍ കയ്യാളിയിരുന്നു. കോണ്‍ഗ്രസിന്റെ പ്രമുഖ ദേശീയ മുഖങ്ങളിലൊന്നായും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

സുനില്‍ ഝക്കര്‍ 

പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍. പുറത്തുപോയത് പാര്‍ട്ടി നേതൃത്വുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന്. എത്തിയത് ബിജെപി പാളയത്തില്‍. മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നിയുമായി ആയിരുന്നു സുനിലിന്റെ ഏറ്റുമുട്ടല്‍. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തിന് താന്‍ അര്‍ഹനാണെന്ന് അവകാശപ്പെട്ട് സുനില്‍ രംഗത്തുവന്നിരുന്നു. ചിന്തന്‍ ശിബിരം ആരംഭിച്ച ദിവസം തന്നെയായിരുന്നു സുനില്‍ കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞത്. 

ഡല്‍ഹിയിലിരിക്കുന്നവര്‍ പഞ്ചാബ് ഘടകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്ന് അദ്ദേഹം ആരോപിച്ചു. എഐസിസി അധ്യക്ഷ പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിക്കരുത് എന്നും അദ്ദേഹം തുറന്നടിച്ചു.നേരത്തെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി സുനിലിനെ രണ്ടു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യാന്‍ എകെ ആന്റണി അധ്യക്ഷനായ കോണ്‍ഗ്രസ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു.

ഹാര്‍ദിക് പട്ടേല്‍ 

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി മുന്‍കൈയെടുത്ത് പട്ടീദാര്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലിനെ പാര്‍ട്ടിയില്‍ എത്തിച്ചത്. അതേ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തിയാണ് ഹാര്‍ദിക് പാര്‍ട്ടി വിട്ടത്. ഇന്ത്യയ്ക്ക് ആവശ്യമുള്ള സമയങ്ങളില്‍ രാഹുല്‍ ഗാന്ധി വിദേശത്താണ് എന്നായിരുന്നു ഹാര്‍ദിക്കിന്റെ വിമര്‍ശനം. 

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായുള്ള തര്‍ക്കമാണ് ഹാര്‍ദിക്കിനെ പുറത്തേക്ക് നയിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യം കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നു. 

അശ്വനി കുമാര്‍ 

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുന്‍ കേന്ദ്ര നിയമ മന്ത്രികൂടിയായ അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടത്. തന്റെ അന്തസ്സ് നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് പുറത്തു പോകുന്നു എന്നായിരുന്നു അശ്വനി കുമാര്‍ നാല്‍പ്പതു വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചപ്പോള്‍ പറഞ്ഞത്. കോണ്‍ഗ്രസിന് ഭാവിയില്ലെന്നും സംഘടന താഴേക്കു പോകുന്നത് മാത്രമാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ആര്‍പിഎന്‍ സിങ് 

കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് മുന്‍ കേന്ദ്രമന്ത്രി ആര്‍പിഎന്‍ സിങ് ബിജെപി പാളയത്തിലെത്തിയത്. 32 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചായിരുന്നു സിങ്ങിന്റെ ബിജെപിയില്‍ ചേരല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com