ട്രക്കില്‍നിന്നു ചില്ലി സോസ് വഴി നീളെ ഒഴുകി, ആളുകള്‍ക്കു ചുമയും കണ്ണെരിച്ചിലും, പരിഭ്രാന്തി

ആളുകള്‍ക്ക് പെട്ടന്നു ചുമയും കണ്ണെരിച്ചിലും അനുഭവപ്പെടുകയായിരുന്നു
ചില്ലി സോസ് ചോര്‍ച്ചയുണ്ടായ ലോറി/എക്‌സ്പ്രസ്‌
ചില്ലി സോസ് ചോര്‍ച്ചയുണ്ടായ ലോറി/എക്‌സ്പ്രസ്‌

മടിക്കേരി: ട്രക്കില്‍ കൊണ്ടുപോവുകയായിരുന്ന ചില്ലി സോസ് വഴിനീളെ ഒഴുകിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ക്ക് കണ്ണെരിച്ചിലും അസ്വസ്ഥതയും. പെട്ടെന്നുണ്ടായ കണ്ണെരിച്ചിലിന് കാരണമെന്തെന്നറിയാതെ ആളുകള്‍ പരിഭ്രാന്തരായി റോഡില്‍ കണ്ട ചുവന്ന കൊഴുത്ത വസ്തു കെമിക്കല്‍ ആണോയെന്ന സംശയത്തില്‍ നിരവധി പേര്‍ പൊലീസിനെ വിവരം അറിയിച്ചു.

കുടകിലെ സിദ്ധാപുര, വിരാജ്‌പേട്ട് പ്രദേശങ്ങളിലാണ്, ലോറിയില്‍നിന്നു ചോര്‍ന്ന ചില്ലി സോസ് പരിഭ്രാന്തി പരത്തിയത്. ആളുകള്‍ക്ക് പെട്ടന്നു ചുമയും കണ്ണെരിച്ചിലും അനുഭവപ്പെടുകയായിരുന്നു. ഒട്ടേറെ പേര്‍ ആശുപത്രിയില്‍ എത്തി. ഇതിനിടെ രാസലായനി ചോര്‍ന്നെന്ന വ്യാജ സന്ദേശവും പ്രചരിച്ചു. ആളുകളോട് മാസ്‌ക് ധരിച്ചുമാത്രം പുറത്തിറങ്ങാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള സന്ദേശവും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു.

സിദ്ധാപുര, വിരാജ്‌പേട്ട് പട്ടണങ്ങളില്‍നിന്ന് ഒട്ടേറെ കോളുകള്‍ വന്നതായി പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു. കോളുകള്‍ കൂടിയതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തി പരിശോധന നടത്തി. റോഡില്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം പരന്നുകിടക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടു. ഇതു പിന്തുടര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തിയത് കേരളത്തിലേക്കു പോവുകയായിരുന്ന ട്രക്കില്‍. ഇതില്‍ കയറ്റിയിരുന്ന ചില്ലി സോസ് ചോര്‍ന്നതാണ് പ്രശ്‌നത്തിനു കാരണമായത്. 

ദാവന്‍ഗരെയിലെ ഫാക്ടറിയില്‍നിന്നു ചില്ലി സോസ് നിറച്ച വീപ്പകളുമായി വരികയായിരുന്നു ട്രക്ക്. 20 വീപ്പയാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടായതിന് ട്രക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊതു ശല്യത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com