
ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് ശമ്പളത്തിന് ആനുപാതികമായി പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവച്ച് സുപ്രീം കോടതി ഉത്തരവ്. പെന്‍ഷന്‍ കണക്കാക്കുന്നതിന് 15,000 രൂപ മാസ ശമ്പളം മേല്‍പരിധിയായി നിശ്ചയിച്ച കേന്ദ്ര ഉത്തരവ്, ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റദ്ദാക്കി. അതേസമയം 60 മാസത്തെ ശരാശരി ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കാമെന്ന, വ്യവസ്ഥ ശരിവച്ചു.
2014ല കേന്ദ്ര പെന്‍ഷന്‍ സ്‌കീം ഭേദഗതി റദ്ദാക്കിയ കേരള, രാജസ്ഥാന്‍ ഹൈക്കോടതി വിധികളെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാരും ഇപിഎഫ്ഒയും നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. പെന്‍ഷന്‍ സ്‌കീം ഭേദഗതി സാധുവാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഏതാനും വ്യവസ്ഥകള്‍ റദ്ദാക്കി.
പെന്‍ഷന്‍ പദ്ധതിയില്‍ ഇനിയും ചേരാത്ത തൊഴിലാളികള്‍ക്ക് ആറു മാസം കൂടി സമയം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധി മൂലം പദ്ധതിയില്‍ ചേരാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം നല്‍കാനാണിത്.
പതിനയ്യായിരം രൂപയ്ക്കു മുകളില്‍ വരുന്ന തുകയ്ക്ക് തൊഴിലാളികള്‍ 1.16 ശതമാനം അധിക വിഹിതം അടയ്ക്കണമെന്ന വ്യവസ്ഥ കോടതി തള്ളി. എന്നാല്‍ ഉത്തരവിലെ ഈ ഭാഗം ആറു മാസത്തേക്ക് മരവിപ്പിക്കുന്നതായി ബെഞ്ച് വ്യക്തമാക്കി. ഇപിഎഫ്ഒയ്ക്കു അധിക തുക കണ്ടെത്താന്‍ സമയം നല്‍കുന്നതിനാണ് ഇതെന്ന് കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് യു യു ലളിതിനു പുറമേ, ജഡ്ജിമാരായ അനിരുദ്ധ ബോസ്, സുധാന്‍ഷു ധൂലിയ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസില്‍വാദം കേട്ടത്. ജസ്റ്റിസ് അനിരുദ്ധ ബോസ് എഴുതിയ വിധിന്യായത്തിന്റെ ഓപ്പറേഷനല്‍ പാര്‍ട്ട് ആണ് കോടതിയില്‍ വായിച്ചത്. വിശദാംശങ്ങള്‍ വിശദ വിധി അപ്ലോഡ് ചെയ്യുന്നതോടെയാണ് അറിയാനാവുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക