​ഗിനിയിൽ തടവിലായവരെ നൈജീരിയക്ക് കൈമാറുന്നു; കപ്പലിൽ കയറാതെ കുത്തിയിരുന്ന് ജീവനക്കാർ; ഒഴിയാതെ ആശങ്ക 

തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽ​ഹി: ഗിനിയിൽ തടവിലായ കപ്പൽ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാൻ നീക്കമെന്ന് റിപ്പോർട്ടുകൾ. മലയാളികളടക്കമുള്ള 15 പേരെ നൈജീരിയയ്ക്ക് കൈമാറാൻ ലൂബാ തുറമുഖത്ത് എത്തിച്ചതായാണ് റിപ്പോർട്ടുകൾ. യുദ്ധക്കപ്പലിൽ ലൂബ തുറമുഖം വഴി ഇവരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമം. 

എന്നാൽ യുദ്ധക്കപ്പലിൽ കയറാൻ വിസമ്മതിച്ച് ജീവനക്കാർ കുത്തിയിരിക്കുകയാണ്. ആശുപത്രിയിലുള്ള ജീവനക്കാർ എത്താതെ കപ്പലിൽ കയറില്ലെന്ന നിലപാടിലാണ് അവർ. 16 ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെയാണ് തടവിലാക്കിയിരിക്കുന്നത്.

ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാൻ ഇന്നലെ തീരുമാനിച്ചിരുന്നു. തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ട് ജീവനക്കാരെ മലാവെ ദ്വീപിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് ജീവനക്കാരെ ലൂബാ തുറമുഖത്ത് എത്തിച്ചത്. ജീവനക്കാരെ നൈജീരിയൻ നേവിക്ക് കൈമാറാനാണ് നീക്കം. നൈജീരിയയിൽ ജീവനക്കാരെ എത്തിക്കുന്നതോടെ അവിടെ അവർ നിയമനടപടി നേരിടേണ്ടിവരും. ഇതോടെ  തടവിലാക്കപ്പെട്ട ജീവനക്കാർ ആശങ്കയിലാണ്. 

അതേസമയം തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. നൈജീരിയയിലെയും ഗിനിയിലെയും എംബസികളുമായി ചർച്ചകൾ നടത്തി വരികയാണ്. ബന്ദികൾ ആയി കഴിയുന്നവരെല്ലാം സുരക്ഷിതർ ആണെന്നും ആശങ്ക വേണ്ടെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.

അന്താരാഷ്ട്ര ചട്ടം പാലിച്ച് കൊണ്ട് തന്നെയാണ് ഇരു രാജ്യങ്ങളും മുന്നോട്ടു പോകുന്നത്. നിയമത്തിന്റെ വഴിയിൽ കാര്യങ്ങൾ മുന്നോട്ട് പോകുമ്പോൾ ഉണ്ടാകുന്ന കാലതാമസം മാത്രമാണ് ഇപ്പോൾ നേരിടുന്നതെന്നും രണ്ട് തവണ ഇന്ത്യൻ എംബസി അധികൃതർ സംഘത്തെ കണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com