കടയില്‍ നിന്ന് ചോദിക്കാതെ സിഗരറ്റ് എടുത്തു, മാനേജറുടെ നെഞ്ചത്ത് ആഞ്ഞിടിച്ചു; ദാരുണാന്ത്യം

കര്‍ണാടകയില്‍ ചോദിക്കാതെ കടയില്‍ നിന്ന് സിഗരറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ സ്വകാര്യ കമ്പനിയുടെ മാനേജറായ 26കാരനെ ഇടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ചോദിക്കാതെ കടയില്‍ നിന്ന് സിഗരറ്റ് എടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ സ്വകാര്യ കമ്പനിയുടെ മാനേജറായ 26കാരനെ ഇടിച്ചുകൊന്നു. നെഞ്ചത്ത് ഇടിയേറ്റ് കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബംഗളൂരു ബെല്ലന്തൂരിനടുത്ത് കസവനഹള്ളിയിലാണ് സംഭവം. സുദര്‍ശന്‍ റാവുവാണ് മരിച്ചത്. സ്റ്റുഡിയോ ഉടമയായ രാമചന്ദ്ര റെഡ്ഡിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. സുദര്‍ശന്‍ റാവുവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് രാമചന്ദ്ര റെഡ്ഡിയുടെ പേരില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സംഭവം നടന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ മാനേജറായിരുന്നു സുദര്‍ശന്‍ റാവു. കെട്ടിടത്തില്‍ തന്നെ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് രാമചന്ദ്ര റെഡ്ഡി. 

കെട്ടിടത്തിന്റെ താഴെയുള്ള ചായ കടയില്‍ സുദര്‍ശന്‍ റാവു പോയ സമയത്താണ് കൊലപാതകം നടന്നത്. കടയില്‍ ഉടമയെ കാണാതിരുന്നതിനെ തുടര്‍ന്ന് റാവു ഒരു സിഗരറ്റ് എടുത്തു. രാമചന്ദ്ര റെഡ്ഡി ഇത് ചോദ്യം ചെയ്തു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

സിഗരറ്റ് അവിടെ തന്നെ വെയ്ക്കാന്‍ റെഡ്ഡി ആവശ്യപ്പെട്ടു. കടയുടമയെ അറിയാമെന്നും അദ്ദേഹം വരുമ്പോള്‍ പണം കൊടുത്തോളമെന്നും സുദര്‍ശന്‍ റാവു മറുപടി നല്‍കി. ഇതില്‍ കുപിതനായ റെഡ്ഡി സുദര്‍ശന്‍ റാവുവിന്റെ നെഞ്ചത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുഴഞ്ഞുവീണ സുദര്‍ശന്‍ റാവുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com