'മണ്ണിന്റെ മകന്‍; ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെടുംതൂണ്‍; വര്‍ഗീയ രാഷ്ട്രീയത്തിന് തടയിട്ട നേതാവ്'; മുലായത്തെ അനുസ്മരിച്ച് നേതാക്കള്‍

യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേപോലെ തിളങ്ങിയ മുലായം അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന്റെ പ്രധാന യോദ്ധാവായിരുന്നു.
മുലായം സിങ് യാദവ്/ ട്വിറ്റര്‍
മുലായം സിങ് യാദവ്/ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായ മുലായം സിങ് യാദവിനെ അനുസ്മരിച്ച് ദേശീയ നേതാക്കള്‍.മുലായം സിംഗ് യാദവിന്റെ മരണം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു  പറഞ്ഞു. സാധാരണകുടുംബത്തില്‍ നിന്ന് വന്ന് അസാധാരണ നേട്ടങ്ങള്‍ കൈവരിച്ചയാളയാണ് മുലായം. മണ്ണിന്റെ മകനായ മുലായം എല്ലാ രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നെന്നും മുര്‍മു പറഞ്ഞു.

സാമൂഹികനീതിക്കായി പൊരുതിയ നേതവാണ് മുലായം സിങ് യാദവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനകീയ സേവകന്‍ എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ജയപ്രകാശ് നാരായണന്റെയും ഡോ. ലോഹ്യയുടെയും ആദര്‍ശങ്ങള്‍ ജനകീയമാക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നു മുലായം എന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. 

യുപിയിലും ദേശീയ രാഷ്ട്രീയത്തിലും ഒരേപോലെ തിളങ്ങിയ മുലായം അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിന്റെ പ്രധാന യോദ്ധാവായിരുന്നു. പ്രതിരോധ മന്ത്രിയെന്ന നിലയില്‍ ഏറെ ശ്രദ്ധേയനായ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ഇടപെടലുകള്‍ ഉള്‍ക്കാഴ്ചയുള്ളതും ദേശീയതാത്പര്യത്തിന് ഊന്നല്‍ നല്‍കുന്നതുമായിരുന്നെന്ന് മോദി പറഞ്ഞു.

സമാജ് വാദി പാര്‍ട്ടി സ്ഥാപകനും മുന്‍ പ്രതിരോധമന്ത്രിയും ഉത്തര്‍പ്രദേശ് മുന്‍ുമുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നികത്താനാവത്ത നഷ്ടമെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു. 

പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പിന്നാക്കക്കാരന്റെയും ഉന്നമനത്തിനായി പോരാടിയ നേതാവാണ് മുലായം സിങ്ങെന്ന് സിപിഎം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍ വര്‍ഗീയതയ്‌ക്കെതിരെ ഉറച്ചനിലപാട് സ്വീകരിച്ച ആളായിരുന്നു മുലായമെന്നും വര്‍ഗീയതയക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ കരുത്ത് പകരുമെന്നും യെച്ചൂരി പറഞ്ഞു. 

അതിശയിപ്പിക്കുന്ന രാഷ്ട്രീയ തന്ത്രജ്ഞനായിരുന്നു മുലായമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യമൂല്യങ്ങളുടെ വക്താവായിരുന്നു അദ്ദേഹമെന്നും നഡ്ഡ പറഞ്ഞു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നെടുംതൂണായിരുന്നു മുലായമെന്നും നഡ്ഡ ട്വിറ്ററില്‍ കുറിച്ചു.

ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയാണ് മുലായം സിങിന്റെ അന്ത്യം. മരണത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസം ദുഃഖാചരണം നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.നാളെ വൈകട്ട് മൂന്ന് മണിക്ക് സായ്ഫായില്‍ നടക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com