ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ഇന്ത്യന്‍ സ്ത്രീ കളവു പറയില്ല; അത് അത്രമേല്‍ ദുഷ്‌കീര്‍ത്തിയെന്ന് ഹൈക്കോടതി

ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം അപമാനവും വെറുപ്പും നാണക്കേടും മാനസിക പീഡനവുമൊക്കെയാണ് ഇരയാക്കപ്പെടുന്നയാളില്‍ ഉണ്ടാക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇംഫാല്‍: വിദ്വേഷത്തിന്റെയോ പ്രതികാരത്തിന്റെയോ പേരില്‍ ഇന്ത്യന്‍ സ്ത്രീ, ആര്‍ക്കെങ്കിലും എതിരെ ബലാത്സംഗം ചെയ്‌തെന്ന കള്ളപ്പരാതി ഉന്നയിക്കുമെന്നു കരുതാനാവില്ലെന്ന് മണിപ്പുര്‍ ഹൈക്കോടതി. ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാനും ഇങ്ങനെ ചെയ്യുമെന്നു പ്രതീക്ഷിക്കാനാവില്ലെന്ന് ജസ്റ്റിസ് എവി മുരളീധരന്‍ പറഞ്ഞു.

ബലാത്സംഗ കേസില്‍ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ അത്രയധികം ദുഷ്‌കീര്‍ത്തിയാണ് ഇന്ത്യന്‍ സമൂഹത്തില്‍ അനുഭവിക്കുന്നത്. ഒരു സ്ത്രീയും അത്തരമൊരു കള്ളം പറയില്ലെന്നു കരുതാന്‍ അതു തന്നെ ധാരളമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. 

നഴ്‌സിങ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി, പഠിക്കുന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികമായി മനസ്സിലാക്കാനാവുമെന്ന് കോടതി പറഞ്ഞു. സ്വന്തം വിദ്യാര്‍ഥിക്കെതിരെയാണ് പ്രതി അക്രമം പ്രവര്‍ത്തിച്ചത്. അധ്യാപക- വിദ്യാര്‍ഥി ബന്ധത്തിനു തന്നെ ആഘാതമാണ് ഈ പ്രവൃത്തിയെന്ന് കോടതി പറഞ്ഞു.

ബലാത്സംഗം ചെയ്യപ്പെട്ട വ്യക്തിക്കു സമൂഹത്തില്‍ മുഖം നഷ്ടമാവുകയാണെന്ന വസ്തുത കോടതിക്കു കാണാതിരിക്കാനാവില്ല. അത്രയധികം യാഥാസ്ഥിതികമായ നമ്മുടെ സമൂഹം അവളെ ഒരു വ്യക്തിയായിപ്പോലും പരിഗണിക്കാതാവും. അതുകൊണ്ടുതന്നെ ഒരു സ്ത്രീ, അതും ഒരു ചെറുപ്പക്കാരിയായ സ്ത്രീ, ബലാത്സംഗം ചെയ്യപ്പെട്ടെന്നു കള്ളക്കഥ ചമച്ചു എന്നു കരുതാനാവില്ല. ബലം പ്രയോഗിച്ചുള്ള ലൈംഗിക ബന്ധം അപമാനവും വെറുപ്പും നാണക്കേടും മാനസിക പീഡനവുമൊക്കെയാണ് ഇരയാക്കപ്പെടുന്നയാളില്‍ ഉണ്ടാക്കുന്നത്. അതു ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കും. അങ്ങനെയൊരു സാഹചര്യം കെട്ടിച്ചമച്ച കഥയിലൂടെ ഒരാള്‍ വരുത്തിവയ്ക്കുമെന്നു കരുതാനാവില്ല- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com