അടുത്ത ഇടിച്ചു നിരത്തലിന് കോപ്പുകൂട്ടി ഡല്‍ഹി കോര്‍പ്പറേഷന്‍; ഷഹീന്‍ബാഗിലും ഓക്ലയിലും കയ്യേറ്റം ഒഴിപ്പിക്കല്‍ 

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയവര്‍ക്ക് എതിരെ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍
റോഹിങ്ക്യന്‍ ജനത പാര്‍ക്കുന്ന ഡല്‍ഹിയിലെ പ്രദേശം/പിടിഐ
റോഹിങ്ക്യന്‍ ജനത പാര്‍ക്കുന്ന ഡല്‍ഹിയിലെ പ്രദേശം/പിടിഐ

ന്യൂഡല്‍ഹി: വിവാദമായ നോര്‍ത്ത് ഡല്‍ഹി ഇടിച്ചു നിരത്തലിന് പിന്നാലെ, ഷഹീന്‍ബാഗിലും ഓക്‌ലയിലും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ പ്രഖ്യാപിച്ച് സൗത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍. ജഹാംഗിര്‍പുരിയിലെ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെ നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ നടത്തിയ ഇടിച്ചു നിരത്തല്‍ വിവാദമാവുകയും സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനാണ് ഇടിച്ചു നിരത്തല്‍ എന്നായിരുന്നു നോര്‍ത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ്, സൗത്ത് ഡല്‍ഹി കോര്‍പ്പറേഷന്‍ റോഹിങ്ക്യന്‍, ബംഗ്ലാദേശ് വംശജര്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഷഹീന്‍ബാഗ്, ഓക്‌ല മേഖലകളില്‍ ഒഴിപ്പിക്കല്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 

സര്‍ക്കാര്‍ ഭൂമി അനധികൃതമായി കയ്യേറിയവര്‍ക്ക് എതിരെ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് സൗത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സുകേഷ് സൂര്യന്‍ പറഞ്ഞു.നഗരത്തിന്റെ പലഭാഗത്തായുള്ള കയ്യേറ്റങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടി ആക്ഷന്‍ പ്ലാന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'ഷഹീന്‍ബാഗ്, ഓക്‌ല,വിഷ്ണു ഗാര്‍ഡന്‍, തിലക് നഗര്‍ എന്നിവിടങ്ങളില്‍ റോഹിങ്ക്യകളും ബംഗ്ലാദേശികളും സര്‍ക്കാര്‍ ഭൂമി കയ്യേറിയിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ നിരവധി നിയമിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അതുകൊണ്ട് ആ സ്ഥലങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓക്‌ലയില്‍ ഏറ്റവും കൂടുതല്‍ അനധികൃത നിര്‍മ്മാണം നടത്തിയിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണ്. മദന്‍പുര്‍ ഖദറിലും ജസോല വിഹാറിലും സരിത വിഹാറിലും സമാന സാഹചര്യമുണ്ട്.'-  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സാഗര്‍പുരിലും ഗാന്ധി മാര്‍ക്കറ്റിലും സര്‍ക്കാര്‍ ഭൂമി കയ്യേറിയ ബംഗ്ലാദേശ് സ്വദേശികളെ ഒഴിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കണമെന്ന് നിര്‍ബന്ധമില്ലെന്നും എന്നാല്‍ അനധികൃതമായി കെട്ടിടങ്ങളും ഓഫീസുകളും നിര്‍മ്മിച്ചയിടങ്ങളില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com