കിങ് സ്നേക്ക് പാമ്പുകൾ, അപൂർവയിനം കുരങ്ങ്; യുവാവിന്റെ ബാ​ഗിൽ 23 ജീവികൾ! പിടിയിൽ

പെരുമ്പാമ്പിന്റെ അഞ്ച് കുഞ്ഞുങ്ങൾ അടക്കം 20 പാമ്പുകൾ, മധ്യ ആഫ്രിക്കയിൽ നിന്നുള്ള ഒരു ഡി ബ്രസ കുരങ്ങ്, ആമ എന്നിവ ഉൾപ്പെടെ 23 ജീവികളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: അപൂർവയിനം പാമ്പുകളടക്കമുള്ള ജീവികളെ കടത്താൻ ശ്രമിച്ച യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. തായ്‌ലൻഡിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ എത്തിയ തായ് എയർലൈൻസ് വിമാനത്തിൽ ഇറങ്ങിയ രാമനാഥപുരം കിഴക്കര സ്വദേശി മുഹമ്മദ് ഷക്കീൽ (21) ആണു പിടിയിലായത്. അപൂർവയിനത്തിൽപ്പെട്ട പാമ്പുകൾ, കുരങ്ങുകൾ, ആമകൾ എന്നിവയെയാണ് കടത്താൻ ശ്രമിച്ചത്. 

സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു നിർത്തി കൈയിലുണ്ടായിരുന്ന വലിയ കുട്ട തുറന്നു പരിശോധിച്ചപ്പോഴാണ് മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ വസിക്കുന്ന പാമ്പുകൾ, കുരങ്ങുകൾ, ആമകൾ എന്നിവയെ പ്രത്യേക ചെറിയ പാക്കറ്റുകളിലാക്കി കടത്തിയതായി കണ്ടെത്തിയത്. 

പെരുമ്പാമ്പിന്റെ അഞ്ച് കുഞ്ഞുങ്ങൾ അടക്കം 20 പാമ്പുകൾ, മധ്യ ആഫ്രിക്കയിൽ നിന്നുള്ള ഒരു ഡി ബ്രസ കുരങ്ങ്, ആമ എന്നിവ ഉൾപ്പെടെ 23 ജീവികളെയാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ആവശ്യമായ രേഖകൾ ഇയാളുടെ പക്കൽ ഉണ്ടായിരുന്നില്ല. 

15 കിങ് സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാമ്പുകളെയും അഞ്ച് ബോൾ പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പുകളെയും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തി. വിദേശത്ത് വളർത്തു പാമ്പുകളായി ഉപയോഗിക്കുന്ന വിഷമില്ലാത്തയിനം പാമ്പുകളാണിവ. 

10 ദിവസം മുൻപ് ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയി ഇവയെ വാങ്ങിയെന്നാണ് യുവാവ് പറയുന്നത്. എന്തിനാണു വാങ്ങിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തുടർന്ന് ഇവ തിരിച്ചയയ്ക്കാൻ അധികൃതർ തീരുമാനിച്ചു. തിരിച്ചയയ്ക്കാനുള്ള ചെലവ് ഇയാളിൽ നിന്നുതന്നെ ഈടാക്കാനാണു തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com