ഡോക്ടര്‍ അനഹിതയും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല, മടിത്തട്ടിലെ ബെല്‍റ്റ് കിടന്നത് ബന്ധിപ്പിക്കാതെ; പൊലീസ് കണ്ടെത്തല്‍

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മരിക്കാനിടയായ വാഹനാപകടത്തില്‍  കാര്‍ ഓടിച്ച ഡോ.അനഹിത പണ്ഡോള ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്
സൈറസ് മിസ്ത്രി മരിക്കാനിടയായ വാഹനാപകടം, ഫയല്‍
സൈറസ് മിസ്ത്രി മരിക്കാനിടയായ വാഹനാപകടം, ഫയല്‍

മുംബൈ: ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി മരിക്കാനിടയായ വാഹനാപകടത്തില്‍  കാര്‍ ഓടിച്ച ഡോ.അനഹിത പണ്ഡോള ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ്. മെഴ്‌സിസഡ് ബെന്‍സ് കാര്‍ ഓടിക്കുമ്പോള്‍ ഇടുപ്പിന് സമീപം ബെല്‍റ്റ് ബന്ധിപ്പിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി പാല്‍ഘര്‍ എസ്പി ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു.

അഹമ്മദാബാദില്‍നിന്നു മുംബൈയിലേക്കു മടങ്ങവേ ഗുജറാത്ത് അതിര്‍ത്തിയിലെ പാല്‍ഘര്‍ ജില്ലയില്‍ സെപ്റ്റംബര്‍ അഞ്ചിനായിരുന്നു അപകടം നടന്നത്. അശ്രദ്ധയോടെയും അമിത വേഗത്തിലും കാറോടിച്ചതിന്റെ ഫലമാണ് അപകടമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടം നടന്ന് രണ്ടുമാസത്തിന് ശേഷം അനഹിത പണ്ഡോളയ്‌ക്കെതിരെ കേസെടുത്തിരുന്നു. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ കുറ്റപത്രത്തിന്റെ ഭാഗമാണന്നും കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും ബാലാസാഹേബ് പാട്ടീല്‍ അറിയിച്ചു.

വാഹനം ഓടിച്ചിരുന്ന അനഹിത പണ്ഡോള സീറ്റ് ബെല്‍റ്റ് ശരിയായ രീതിയില്‍ ധരിച്ചിരുന്നില്ല. അവര്‍ പുറകില്‍ നിന്ന് തോളിലേക്ക് മാത്രമേ ബെല്‍റ്റ് ധരിച്ചിരുന്നുള്ളൂ. മടിത്തട്ടിലെ ബെല്‍റ്റ് ക്രമീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട അനഹിത  സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസങ്ങള്‍ക്കകം പരിക്ക് ഭേദമായി അവര്‍ ആശുപത്രി വിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ്പി പറഞ്ഞു.

മുംബൈയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണ് അനര്‍ഹിത. അപകടത്തില്‍ അനര്‍ഹിതയുടെ ഭര്‍തൃസഹോദരന്‍ ജഹാംഗീര്‍ പാണ്ഡോളയും മരിച്ചിരുന്നു. സംഭവത്തില്‍ അനഹിതയുടെ ഭര്‍ത്താവ് ഡാരിയസിനും പരിക്കേറ്റിരുന്നു. ഒക്ടോബറിലാണ് ഡാരിയസ് ആശുപത്രി വിട്ടത്. 

മുന്നിലുണ്ടായിരുന്ന കാര്‍ മൂന്നാം ലെയ്‌നില്‍നിന്ന് രണ്ടാം ലെയ്‌നിലേക്കു നീങ്ങിയപ്പോള്‍ അനഹിതയും അത് പിന്തുടര്‍ന്നു എന്നാണ് ഡാരിയസ് പൊലീസിന് നല്‍കിയ മൊഴി.അപകടം നടക്കുമ്പോള്‍ സൈറസ് മിസ്ത്രിയും ജഹാംഗീറും കാറിന്റെ പിന്‍സീറ്റിലാണ് ഇരുന്നിരുന്നത്. ഇരുവരും സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്നതാണ് മരണത്തിന് കാരണമായത്. വണ്ടി ഓടിച്ച അനഹിതയും മുന്‍സീറ്റില്‍ കൂടെയുണ്ടായിരുന്ന ഡാരിയസും അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com