ഐഎംഎ, ജാമിയ മിലിയ; ആറായിരത്തോളം എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് നഷ്ടമാകും

ആറായിരത്തോളം എന്‍ജിഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ശനിയാഴ്ചയോടെ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ/ഫയല്‍
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ/ഫയല്‍

ന്യൂഡല്‍ഹി: ആറായിരത്തോളം എന്‍ജിഒകളുടെയും മറ്റ് സംഘടകളുടെയും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സ് ശനിയാഴ്ചയോടെ കാലാവധി കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘനയുടെ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 

ഈ ആറായിരത്തോളം വരുന്ന എന്‍ജിഒകളില്‍ ഭൂരിപക്ഷവും എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷ നല്‍കിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ലൈസന്‍സ് കാലാവധി കഴിയുന്ന കാര്യം കാണിച്ച് ഈ സംഘടകള്‍ക്ക് കത്തയച്ചിരുന്നെങ്കിലും പല സംഘടനകളും അപേക്ഷിക്കാന്‍ തയ്യാറായില്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ എഫ്‌സിആര്‍എ ലൈസന്‍സ് കഴിഞ്ഞ മാസങ്ങളില്‍ കാലാവധി കഴിഞ്ഞിരുന്നു. ഇന്നത്തോടെ ഇവര്‍ക്കെല്ലാം ലൈസന്‍സ് നഷ്ടമാകും. ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ഇന്ത്യന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ എന്നീ എന്‍ജിഒകളും  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ഒക്സ്ഫാം ഇന്ത്യ ഉള്‍പ്പടെയുള്ളവയ്ക്ക് എഫ്‌സിആര്‍എ ലൈസന്‍സ് നഷ്ടമാവുമെങ്കിലും രജിസ്ട്രേഷന്‍ നഷ്ടമാവുകയില്ല. ആകെ 22,762 എന്‍ജിഒകളാണ് ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ടിന് കീഴില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 16,829 എന്‍ജിഒകളുടെ എഫ്‌സിആര്‍എ ലൈസന്‍സ് സര്‍ക്കാര്‍ പുതുക്കി നല്‍കിയിട്ടുണ്ട്. 

നേരത്തെ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിക്ക് സര്‍ക്കാര്‍ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com