യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റി; തമിഴ്‌നാട്ടില്‍ കോളജുകള്‍ തുറക്കരുതെന്ന് നിര്‍ദേശം

ഈമാസം അവസാനം ആരംഭിക്കാനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയിരിക്കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ യൂണിവേഴ്‌സിറ്റി സെമസ്റ്റര്‍ പരീക്ഷകള്‍ മാറ്റിവച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷകള്‍ മാറ്റിയിരിക്കുന്നത്. ഈമാസം അവസാനം ആരംഭിക്കാനിരുന്ന പരീക്ഷകളാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി നടത്തിയ ആലോചനയ്ക്ക് ശേഷമാണ് പരീക്ഷകള്‍ മാറ്റിയതെന്ന് വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി അറിയിച്ചു. 

മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതി പിന്നീട് അറിയിക്കും. നിലവില്‍ കോളജുകളില്‍ സ്റ്റഡി ലീവാണ്. ഏതെങ്കിലും കോളജുകള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍, അടയ്ക്കാന്‍ നിര്‍ദേശിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ കോവിഡ് കേസുകളില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 12,895പേര്‍ക്കാണ് സംസ്ഥാനത്ത് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. 51,335പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

കേരളത്തില്‍ ഉടന്‍ തീരുമാനം 

അതേസമയം, കേരളത്തില്‍ സ്‌കൂളുകളുടെപ്രവര്‍ത്തനത്തെ കുറിച്ച് വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും.  സ്‌കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഒമൈക്രോണ്‍ വ്യാപനം തീവമാവുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും സ്‌കൂളുകള്‍ അനിശ്ചിതമായി അടച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പ്രവര്‍ത്തന സമയം കുറച്ചു. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി ഇന്നത്തെ യോഗം ഇക്കാര്യത്തില്‍ തീരുമാനെടുക്കുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com