മൊബൈല്‍ ഫോണ്‍ കാണാനില്ല, ഒന്‍പത് വയസുള്ള മകനെ കഴുത്തുഞെരിച്ചു കൊന്നു; സാക്ഷിയായി നാലുവയസുള്ള മകള്‍, അച്ഛന്‍ അറസ്റ്റില്‍ 

ഉത്തര്‍പ്രദേശില്‍ നാലുവയസുള്ള മകളുടെ മുന്നില്‍വച്ച് ഒന്‍പത് വയസുകാരനായ മകനെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലുവയസുള്ള മകളുടെ മുന്നില്‍വച്ച് ഒന്‍പത് വയസുകാരനായ മകനെ അച്ഛന്‍ കഴുത്തുഞെരിച്ച് കൊന്നു. കാണാതായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി നല്‍കാന്‍ കഴിയാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മെയിന്‍പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അച്ഛന്‍ മുകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ മുകേഷിന് ഫോണ്‍ എവിടെയാണ് വച്ചതെന്ന് ഓര്‍മ്മയില്ല. മൊബൈല്‍ കണ്ടെത്തി തരാന്‍ മകനോട് മുകേഷ് ആവശ്യപ്പെട്ടു. എന്നാല്‍ ഒന്‍പതു വയസുകാരന് ഫോണ്‍ കണ്ടെത്തി നല്‍കാന്‍ സാധിച്ചില്ല. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കുപിതനായ മുകേഷ് കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം കടന്നുകളയുകയായിരുന്നു. മുകേഷിന്റെ നാലുവയസുള്ള മകള്‍ ഇതിന് ദൃക്‌സാക്ഷിയാണെന്ന് പൊലീസ് പറയുന്നു.

മദ്യത്തിന് അടിമയായ മുകേഷിന്റെ ശല്യം സഹിക്കാന്‍ വയ്യാതെ ഭാര്യ എട്ടുമാസം മുന്‍പാണ് വീട് വിട്ടുപോയത്. ആറുമക്കളില്‍ നാലുപേരുമായാണ് ഭാര്യ പഞ്ചാബിലേക്ക് പോയത്. ഒന്‍പത് വയസുകാരനായ മിഥുനും നാലുവയസുള്ള അനുജത്തിയും മുകേഷിനൊപ്പമാണ് താമസിച്ചിരുന്നത്. 

കുട്ടിയുടെ മുത്തച്ഛന്റെ പരാതിയില്‍ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മുകേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com