ലഖിംപുര്‍ ഖേരി എംഎല്‍എ പാര്‍ട്ടി വിട്ടു; ബിജെപി പാളയത്തില്‍ ഞെട്ടല്‍

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ ഉത്തര്‍പ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു
ബാലാപ്രസാദ് അവസ്തി,യോഗി ആദിത്യനാഥ്
ബാലാപ്രസാദ് അവസ്തി,യോഗി ആദിത്യനാഥ്

ലഖ്‌നൗ: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കേ ഉത്തര്‍പ്രദേശ് ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഒരു എംഎല്‍എകൂടി രാജിവച്ചു. ലഖിംപുര്‍ ഖേരിയില്‍ നിന്നുള്ള എംഎല്‍എ ബാലാപ്രസാദ് അവസ്തി രാജിവച്ചു. ഇതോടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം 9ആയി. ഇതില്‍ മൂന്നുപേര്‍ മന്ത്രിമാരാണ്. 

അഞ്ച് ടേമായി ലഖിംപുര്‍ ഖേരിയെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ബാലാപ്രസാദ്. ബിജെപിയെ സംബന്ധിച്ച് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച മണ്ഡലമാണ് ലഖിംപുര്‍ ഖേരി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്റെ വാഹനം വ്യൂഹം പാഞ്ഞു കയറി നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇവിടെ ബിജെപിക്ക് എതിരെ വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. 

ബിജെപിയില്‍ നിന്ന് രാജിവച്ച ബാലാപ്രസാദ്, എസ്പി നേതാവ് അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മാത്രം മൂന്ന് എംഎല്‍എമാരാണ് ബിജെപി വിട്ടത്. ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ധരംസിങ് സെയ്നി, പിന്നാക്ക വിഭാഗം നേതാവും എംഎല്‍എയുമായ മുകേഷ് വര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. 

ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്നി രാജി പ്രഖ്യാപിച്ചത്. എസ്പിയില്‍ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവുമായി സെയ്നി കൂടിക്കാഴ്ച നടത്തി.

സെയ്നിയെ എസ്പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. തനിക്കൊപ്പം നില്‍ക്കുന്ന സെയ്നിയുടെ ചിത്രവും അഖിലേഷ് പങ്കുവെച്ചിട്ടുണ്ട്.

സ്വാമി പ്രസാദ് മൗര്യയാണ് തന്റെ നേതാവെന്ന് മുകേഷ് വര്‍മ പറഞ്ഞു. മൗര്യ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും മുകേഷ് വര്‍മ പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബിജെപിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.

മൗര്യയ്ക്കു പിന്നാലെ ആറ് എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്. വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ഇന്നലെ രാജി നല്‍കി. ദലിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. ബ്രജേഷ് പ്രചാപതി, റോഷന്‍ ലാല്‍ വെര്‍മ, ഭഗവതി സാഗര്‍, മുകേഷ് വെര്‍മ, വിനയ് ശക്യ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റ് എംഎല്‍എമാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com