'ഞാനല്ലാതെ വേറെയാര്?'; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചന നൽകി പ്രിയങ്ക ​ഗാന്ധി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 40 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന. വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടിയായി പ്രിയങ്ക തന്നെയാണ് ഇത്തരത്തിലൊരു സൂചന നല്‍കിയത്. 

'ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു മുഖം നിങ്ങള്‍ കാണുന്നുണ്ടോ? എന്റെ മുഖം നിങ്ങള്‍ക്ക് എല്ലായിടത്തും കാണാന്‍ സാധിക്കും' എന്നായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ മറുപടി.

സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധിക്കൊപ്പമായിരുന്നു പ്രിയങ്കയുടെ വാര്‍ത്താസമ്മേളനം. യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മല്‍സരിക്കുമോ എന്നതില്‍ വ്യക്തതയില്ല. അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. 

പോരിന് യോഗിയും അഖിലേഷും

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സമാജ് വാദി പാര്‍ട്ടി അഖിലേഷ് യാദവിനെയും ബിഎസ്പി മായാവതിയെയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്. 

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ 40 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മ അടക്കം 125 സ്ഥാനാര്‍ഥികളാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 

വോട്ടെടുപ്പ് ഏഴ് ഘട്ടം

യുപി നിയമസഭ തെരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളായാണ് നടക്കുക. ഫെബ്രുവരി 10,14,20,23,27,മാര്‍ച്ച് 03, 07 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com