ഏറ്റുമുട്ടി ഇപിഎസ്, ഒപിഎസ് അണികള്‍; എഐഎഡിഎംകെ ആസ്ഥാനം പൂട്ടി തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ, എഐഎഡിഎംകെ ആസ്ഥാനം സീല്‍ ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍. പനീര്‍ശെല്‍വം. പളനിസ്വാമി പക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഓഫീസ് തമിഴനാട് സര്‍ക്കാര്‍ സീല്‍ ചെയ്തത്. 

ഇന്നു ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പനീര്‍ശെല്‍വത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താന്‍ എഐഎഡിഎംകെ തീരുമാനിച്ചത്. യോഗം ബഹിഷ്‌കരിച്ച പനീര്‍ശെല്‍വം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി. ഇതിന് പിന്നാലെ. പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. 

സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ടാണ് എഐഎഡിഎംകെ ആസ്ഥാനംായ 'എംജി ആര്‍ മാളികൈ' പൂട്ടിയതെന്ന് റന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാര്‍ട്ടി ഓഫീസിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാവരെയും പൊലീസ് ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. 

പനീര്‍ശെല്‍വം പക്ഷക്കാര്‍ സംഘടിച്ചെത്തി ഓഫീസിന് നേര്‍ക്ക് ആക്രമണം ആരംഭിക്കുകയായിരുന്നു. ഇവരെ നേരിടാനായി പളനിസ്വാമി പക്ഷക്കാരും രംഗത്തെത്തി. ഇതോടെ സംഘര്‍ഷമായി. പാര്‍ട്ടി ഓഫീസിന് സംരക്ഷണം ഒരുക്കണം എന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചിരുന്നെന്നും അക്രമ സംഭവങ്ങള്‍ക്ക് കാരണം പനീര്‍ ശെല്‍വവും അദ്ദേഹത്തിന്റെ അനുയായികളുമാണെന്നും എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍ ആരോപിച്ചു. 

കൗണ്‍സില്‍ യോഗത്തില്‍ മുതിര്‍ന്ന നേതാവ് നത്തം ആര്‍ വിശ്വനാഥന്‍ കൊണ്ടുവന്ന പ്രമേയത്തിലൂടെയാണ് പനീര്‍ശെല്‍വത്തെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും നീക്കിയത്. വലിയ കരഘോഷത്തോടെയാണ് ജനറല്‍ കൗണ്‍സില്‍ പ്രമേയം അംഗീകരിച്ചത്.

പനീര്‍ശെല്‍വം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും ലക്ഷ്യത്തിനും വിരുദ്ധമായാണ് ഒപിഎസ് പ്രവര്‍ത്തിക്കുന്നത്.പളനിസ്വാമിയുമായി ചേര്‍ന്ന് ജൂണ്‍ 23ന് വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ നിര്‍ത്തിവയ്ക്കാന്‍ പൊലീസിനെ സമീപിക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. സ്വാര്‍ഥതാത്പര്യങ്ങള്‍ക്കായാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ട്രഷറര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കുന്നതായും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും എംഎല്‍എമാരുമായ ആര്‍ വൈത്തിലിംഗം, പി എച്ച് മനോജ് പാണ്ഡ്യന്‍ എന്നിവരെയും മുന്‍ എംഎല്‍എ ജെസിഡി പ്രഭാകറിനെയും പുറത്താക്കിയതായി പ്രമേയത്തില്‍ പറയുന്നു.

എന്നാല്‍ തന്നെ കോര്‍ഡിനേറ്ററായി തെരഞ്ഞെടുത്തത് 1.5 കോടി പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും പളനിസ്വാമിക്കോ, കെപി മുനിസ്വാമിക്കോ തന്നെ പുറത്താക്കാന്‍ അവകാശമില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയോടെ കോടതിയെ സമീപിച്ച് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com