അപകടത്തില്‍ അംഗഭംഗം വന്നില്ലെങ്കിലും ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 04:28 PM  |  

Last Updated: 06th June 2022 04:28 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ബംഗളൂരു: അപകടത്തില്‍ അംഗഭംഗമൊന്നും സംഭവിക്കാത്ത പരിക്കു മാത്രമാണു പറ്റിയതെങ്കിലും ഇരയ്ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഭാവിയില്‍ ഉണ്ടാവാനിടയുള്ള നഷ്ടത്തിനു കണക്കാക്കി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

അപകടത്തില്‍ പരിക്കേറ്റ ഹുബ്ലി സ്വദേശി അബ്ദുല്‍ മെഹബൂബ് തഹസില്‍ദാരുടെ നഷ്ടപരിഹാരം ഉയര്‍ത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി. നേരത്തെ 5.23 ലക്ഷമായി കണക്കാക്കിയിരുന്ന നഷ്ടപരിഹാരത്തുക ഹൈക്കോടതി 6.11 ലക്ഷമായി ഉയര്‍ത്തി.

അപകടത്തില്‍ പെടുന്നയാള്‍ക്കു ഭാവിയില്‍ ഉണ്ടാവാനിടയുള്ള നഷ്ടം കൂടി നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ വിലയിരുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ വരുമാനത്തില്‍ ഉണ്ടാവാനിടയുള്ള നഷ്ടം പ്രധാനമാണെന്ന് ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, പി കൃഷ്ണ ഭട്ട് എന്നിവര്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ട അബ്ദുല്‍ മെഹബൂബിന് നല്‍പ്പതു വയസു മാത്രമാണ് പ്രായമെന്നത് കോടതി കണക്കിലെടുത്തു. ദീര്‍ഘമായ കാലമാണ് പരിക്കേറ്റയാള്‍ക്കു മുന്നിലുള്ളത്. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ വരുമാനത്തില്‍ അപകടം മൂലം ഉണ്ടാവാനിടയുള്ള നഷ്ടം വിലയിരുത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. 

തയ്യില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ മെഹബൂബ് 2009 ഡിസംബര്‍ 31ന് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ സഞ്ചരിക്കുമ്പോഴാണ് അപകടത്തില്‍ പെട്ടത്. മെഹബൂബ് സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മെഹബൂബിന് നഷ്ടപരിഹാരം നല്‍കാന്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ വിധിച്ചു. ഇതിനെതിരെ ന്യൂ ഇന്ത്യ അഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മെഹബൂബും കോടതിയെ സമീപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓണ്‍ലൈന്‍ വഴി ഇനി പ്രതിമാസം 24 ടിക്കറ്റുകള്‍; ഇളവുമായി റെയില്‍വെ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ