റോഡരികിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; സ്കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം 

വിവാഹ നിശ്ചയ ചടങ്ങിനായി കൺവെൻഷൻ സെന്റർ ബുക് ചെയ്ത് മടങ്ങുകയായിരുന്നു ഇരുവരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബം​ഗളൂരു: റോഡരികിലെ ഇലക്ട്രിക് ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അച്ഛനും മകൾക്കും ദാരുണാന്ത്യം. ശിവരാജ് (55), മകൾ ചൈതന്യ(19) എന്നിവരാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇവരുടെ ദേഹത്തേക്ക് ട്രാൻസ്ഫോർമറിൽ നിന്ന് തീ പടരുകയായിരുന്നു. 

നൈസ് റോഡിൽ മം​ഗനഹ‌ള്ളി പാലത്തിന് സമീപം ബുധനാഴ്ചയാണ് അപകടം നടന്നത്. ചൈതന്യയുടെ വിവാഹ നിശ്ചയ ചടങ്ങിനായി കൺവെൻഷൻ സെന്റർ ബുക് ചെയ്ത് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ കുണ്ടുംകുഴിയും കാരണം വേ​ഗത കുറച്ചാണ് ശിവരാജ് വണ്ടിയോടിച്ചത്. സ്‌ഫോടനത്തെ തുടർന്ന് ട്രാൻസ്‌ഫോർമറിൽ നിന്ന് എണ്ണ തെറിച്ച് ഇരുവർക്കും മാരകമായ പൊള്ളലേറ്റു. ബൈകും കത്തിനശിച്ചു. ശിവരാജ് സംഭവം നടന്ന ബുധനാഴ്ച തന്നെ മരിച്ചിരുന്നു. വ്യാഴാഴ്ച പുലർചെ രണ്ടു മണിയോടെയാണ് ചൈതന്യയുടെ മരണം.

സംഭവത്തിൽ ബം​ഗളൂർ ഇലക്ട്രിസിറ്റി സപ്ലൈ കംപനി ലിമിറ്റഡിന്റെ (ബെസ്‌കോം) എക്സിക്യൂടിവ് എൻജിനീയർക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റർ ചെയ്തു. ട്രാൻസ്‌ഫോർമറിൽ നിന്ന് ഓയിൽ ചോർച്ച ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും  നടപടിയെടുക്കാത്തതിനെ തുടർന്നാണ് കേസെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com