വാഹനാപകട കേസില്‍ സഹതാപം വേണ്ട; അശ്രദ്ധമായ ഡ്രൈവിങ്ങിനു കടുത്ത ശിക്ഷ വേണമെന്ന് സുപ്രീം കോടതി

തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും സിടി രവികുമാറും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ വാഹനാപകടം ഉണ്ടാക്കുന്നവരോട് സഹതാപം വേണ്ടെന്നു സുപ്രീം കോടതി. വാഹനാപകട കേസില്‍ പ്രതിയുടെ ശിക്ഷ കുറച്ച പഞ്ചാബ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

തെറ്റു ചെയ്യുന്നവരെ ശിക്ഷിക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ജസ്റ്റിസുമാരായ എംആര്‍ ഷായും സിടി രവികുമാറും ചൂണ്ടിക്കാട്ടി. വാഹനാപകട കേസിലെ പ്രതിയുടെ ശിക്ഷ കുറച്ചപ്പോള്‍ ഹൈക്കോടതി അതു വേണ്ടത്ര പരിഗണിച്ചില്ലെന്നു വേണം കരുതാന്‍. അശ്രദ്ധമായ പ്രവൃത്തിയിലൂടെ അപകടം വരുത്തിവയ്ക്കുന്നവര്‍ക്കു നേരെ ഒരു സഹതാപവും വേണ്ടെന്ന്, മുന്‍ വിധികള്‍ ഉദ്ധരിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

ഒരാള്‍ മരിക്കുകയും രണ്ടു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത വാഹനാപകട കേസില്‍ പ്രതിക്കു രണ്ടു വര്‍ഷത്തെ തടവു ശിക്ഷയാണ് വിചാരണക്കോടതി വിധിച്ചത്. അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതു ശരിവച്ചെങ്കിലും ശിക്ഷ എട്ടു മാസമായി കുറയ്ക്കുകയായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.

പ്രതി അശ്രദ്ധമായി ഓടിച്ച എസ്‌യുവി ആംബുലന്‍സില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആംബുലന്‍സ് മറിഞ്ഞാണ് രണ്ടു പേര്‍ക്കു പരിക്കേറ്റത്. എത്രമാത്രം അശ്രദ്ധമായി ആയിരുന്നു ഡ്രൈവിങ് എന്ന് ഇതില്‍നിന്നു വ്യക്തമാണ്. 

മോട്ടോര്‍ വാഹന കേസുകളില്‍ കുറ്റക്കാരെന്നു  കണ്ടെത്തുന്നവരെ കടുത്ത ശിക്ഷയ്ക്കു വിധേയമാക്കേണ്ടതുണ്ടെന്ന മുന്‍ വിധികള്‍ കോടതി എടുത്തുപറഞ്ഞു. കുറ്റവും ശിക്ഷയും തമ്മിലുള്ള അനുപാതം കൃത്യമായി പാലിക്കേണ്ടതുണ്ടെന്നു കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com