'രാഷ്ട്രീയക്കാര്‍ക്ക് മറ്റു പൗരന്മാരേക്കാള്‍ അധികമായി ഒരു പരിരക്ഷയും ഇല്ല'; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സുപ്രീം കോടതിയില്‍ തിരിച്ചടി 

കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് പതിനാലു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് പതിനാലു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. സാധാരണ പൗരന്മാരേക്കാള്‍ പ്രത്യേക പരിഗണനയൊന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന തുടങ്ങിയവ ഉള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്രം അന്വേഷണ ഏജന്‍സികളെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അറസ്റ്റിന് മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം.

രാഷ്ട്രീയ നേതാക്കള്‍ക്ക് സാധാരണ പൗന്മാരേക്കാള്‍ അധികമായി ഒരു പരിരക്ഷയും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമപരമായി സാധാരണക്കാരുടെ അതേ അവകാശം തന്നെയാണ് രാഷ്ട്രീയ നേതാക്കള്‍ക്കുമുള്ളതെന്ന് കോടതി പറഞ്ഞു.

അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് മറ്റ് ഏതൊരു പൗരനേയും പോലെ നിയമപരമായ പരിഹാരം തേടാം. അല്ലാതെ പ്രത്യേക പരിരക്ഷ അവകാശപ്പെടാനോ അറസ്റ്റിന് പ്രത്യേക മാര്‍ഗ നിര്‍ദേശം വേണമെന്ന് പറയാനോ ആവില്ല. സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനം മൂലം പ്രതിപക്ഷ പ്രവര്‍ത്തനത്തിനുള്ള ഇടം ചുരുങ്ങുന്നുണ്ടെങ്കില്‍ അതിനു പരിഹാരം രാഷ്ട്രീയത്തില്‍ തന്നെയാണ്, കോടതിയില്‍ അല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. 

രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ നടപടികളുടെ വിവരങ്ങള്‍ മാത്രം വച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ബെഞ്ച് അനുകൂലിക്കാത്തതിനെത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുകയാണെന്ന്, പാര്‍ട്ടികള്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com