'സച്ചിന്‍ അനിവാര്യന്‍, കൈവിടാനാകില്ല'; കടുത്ത നടപടിയുണ്ടായേക്കില്ല; സമവായശ്രമങ്ങള്‍ തുടരുന്നു

പ്രശ്‌നപരിഹാരത്തിന് എഐസിസി നേതൃത്വം മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ സഹായം തേടി
സച്ചിന്‍ പൈലറ്റ്/ പിടിഐ
സച്ചിന്‍ പൈലറ്റ്/ പിടിഐ

ന്യൂഡല്‍ഹി: ഹൈക്കമാന്‍ഡ് നിര്‍ദേശം ലംഘിച്ചും ഉപവാസ സമരം നടത്തിയ സച്ചിന്‍പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ലെന്ന് സൂചന. സച്ചിനെതിരെ നടപടിയെടുക്കുന്നതിനെ എതിര്‍ത്ത് ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. വിഷയത്തില്‍ സമവായശ്രമങ്ങള്‍ തുടരുകയാണ്. 

ഹൈക്കമാന്‍ഡിനെ ധിക്കരിച്ച സച്ചിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ സച്ചിനെതിരെ എന്തിന് നടപടിയെടുക്കണമെന്നാണ് ഭൂപീന്ദര്‍ സിങ് ഹൂഡ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദിക്കുന്നത്. 

രാജസ്ഥാനില്‍ അടുത്തുതന്നെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സച്ചിന്‍ പൈലറ്റിനെ പിണക്കുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. മാത്രമല്ല, നടപടിയെടുത്താല്‍ സച്ചിന്‍ പൈലറ്റിന് ബിജെപിയിലേക്ക് പോകാന്‍ വഴിയൊരുക്കലാകുമെന്നും നേതാക്കള്‍ വിലയിരുത്തുന്നു.

പ്രശ്‌നപരിഹാരത്തിന് എഐസിസി നേതൃത്വം മുതിര്‍ന്ന നേതാവ് കമല്‍നാഥിന്റെ സഹായം തേടി. കമല്‍നാഥ് ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഇതിനു ശേഷം കമല്‍നാഥ് അശോക് ഗെഹലോട്ടുമായി കൂടിക്കാഴ്ച നടത്തി. 

സച്ചിന്‍ അനിവാര്യനാണെന്നും, കൈവിടാനാകില്ലെന്നും കമല്‍നാഥ് ഗെഹലോട്ടിനെ അറിയിച്ചതായാണ് സൂചന. കമല്‍നാഥും കെ സി വേണുഗോപാലും സച്ചിന്‍ പൈലറ്റുമായും ഇന്നലെ ചര്‍ച്ച നടത്തിയതായാണ് വിവരം. കമല്‍നാഥ് ഇന്ന് വീണ്ടും ഗെഹലോട്ടുമായി ചര്‍ച്ച നടത്തും. ഇതില്‍ പ്രശ്‌നപരിഹാര ഫോര്‍മുല ഉണ്ടാക്കാനാകുമെന്നാണ് എഐസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. 

വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരില്‍ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം നടത്തിയത്. അച്ചടക്ക ലംഘനമാകുമെന്ന കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് മറികടന്നായിരുന്നു സച്ചിന്റെ ഉപവാസം. ബിജെപിയുള്ളിടത്തെല്ലാം കമ്മീഷന്‍ സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയ സച്ചിന്‍ പൈലറ്റ്, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com