'പുൽവാമ സംഭവത്തിന് ഉത്തരവാദി മോദി'- കേന്ദ്രത്തിനെതിരെ മുൻ സൈനിക മേധാവിയും

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർഗ നിർദേശം നൽകുന്ന, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല
ജനറൽ ശങ്കർ റോയ് ചൗധരി/ ട്വിറ്റര്‍
ജനറൽ ശങ്കർ റോയ് ചൗധരി/ ട്വിറ്റര്‍

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും ഒഴിഞ്ഞുമാറാനാവില്ലെന്ന്  മുൻ കരസേന മേധാവി ജനറൽ ശങ്കർ റോയ് ചൗധരി. മുൻ ജമ്മു കശ്മീർ ​ഗവർണർ സത്യപാൽ മാലിക് ദിവസങ്ങൾക്ക് മുൻ ഈ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് മുൻ കരസേന മേധാവി മോദിയെയും കേന്ദ്ര സർക്കാരിനെയും പ്രതിക്കൂട്ടിലാക്കി രം​ഗത്തെത്തിയത്. 1994 നവംബർ മുതൽ 1997 സെപ്റ്റംബർ വരെ കരസേനാ മേധാവിയായിരുന്നു ജനറൽ ശങ്കർ റോയ് ചൗധരി.

‘പുൽവാമയിലെ കൂട്ടക്കുരുതിയുടെ പ്രാഥമിക ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനു തന്നെയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മാർഗ നിർദേശം നൽകുന്ന, പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് അതിൽ നിന്ന് ഒഴിഞ്ഞു മാറാനാവില്ല’- ചൗധരി പറഞ്ഞു. പുൽവാമയിലെ വീഴ്ച പുറത്തു പറയരുതെന്ന് മോദി ആവശ്യപ്പെട്ടെന്ന സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ടെലഗ്രാഫ് പത്രത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാൻ അതിർത്തിയോടു ചേർന്ന ദേശീയപാതയിലൂടെ 78 വാഹനങ്ങളിലായാണ് 2500 സൈനികരെ കൊണ്ടുപോയത്. അത്രയും വലിയ വാഹന വ്യൂഹം പാടില്ലായിരുന്നെന്ന് ചൗധരി പറയുന്നു. ആക്രമണത്തിനു പിന്നിലെ രഹസ്യാന്വേഷണ വീഴ്ചയുടെ ഉത്തരവാദിത്വം ദേശീയ സുരക്ഷാ ഏജൻസിക്കുമുണ്ട്. സൈനികർ വിമാനത്തിൽ യാത്ര ചെയ്തിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാമായിരുന്നുവെന്നും ചൗധരി വ്യക്തമാക്കി.

‘ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന എല്ലാ വലിയ വാഹന വ്യൂഹങ്ങളും എപ്പോഴും അക്രമിക്കപ്പെടാൻ സാധ്യതയുള്ളതാണ്. സൈനികരെ വിമാനത്തിലെത്തിച്ചിരുന്നുവെങ്കിൽ അത് കൂടുതൽ സൗകര്യപ്രദവും ക്ഷീണം ഒഴിവാക്കുന്നതും ആയേനെ. തുരങ്കങ്ങൾ വഴി നുഴഞ്ഞുകയറ്റം നടക്കുന്നതിനാൽ ജമ്മുവിലെ സാംബ വഴിയുള്ള നീക്കം എല്ലായിപ്പോഴും ആക്രമണ സാധ്യതയുള്ളതാണ്.‘ 

‘അന്തസംസ്ഥാന പാതയിലൂടെ കൂടുതൽ സൈനിക വാഹനങ്ങൾ കടത്തിവിടുന്നത് അപകടത്തിലേക്കാണ് നയിക്കുന്നത്. കാരണം, അതിർത്തി അകലെയല്ല. 40 സിആർപിഎഫ് ജവാന്മാർ എന്നത് വലിയ സംഖ്യയാണ്. അവർ ജമ്മു കശ്മീരിൽ വിന്യസിക്കപ്പെട്ട സേനയാണ്. രഹസ്യാന്വേഷണ വീഴ്ചയാണ് സംഭവിച്ചത്. സർക്കാർ കൈകഴുകാൻ ശ്രമിക്കുന്നത് ഒഴിഞ്ഞുമാറലാണ്. വ്യോമയാന വകുപ്പിലോ വ്യോമസേനയിലോ ബിഎസ്എഫിലോ ലഭ്യമായ വിമാനങ്ങൾ ഉപയോഗിച്ച് സൈനികരെ വ്യോമ മാർഗം കൊണ്ടുവരാമായിരുന്നു. പരാജയങ്ങളുടെ അവകാശം ആരും ഏറ്റെടുക്കാറില്ല‘- ചൗധരി കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com