പാസ്‌പോർട്ടില്ലാതെ പാകിസ്ഥാനിൽ 'പോയി', തമിഴ്‌നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ച 'ഇന്ത്യൻ ടീം ക്യാപ്‌റ്റൻ' പിടിയിൽ

വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ചുവെന്ന് ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചു
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കായിക മന്ത്രി ഉദയനിധി എന്നിവർക്കൊപ്പം വിനോദ്/ ചിത്രം ട്വിറ്റർ
മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, കായിക മന്ത്രി ഉദയനിധി എന്നിവർക്കൊപ്പം വിനോദ്/ ചിത്രം ട്വിറ്റർ

ചെന്നൈ: ഭിന്നശേഷിക്കാരുടെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന് അവകാശപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും കായിക മന്ത്രി ഉദയനിധിയെയും കബളിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. രാമനാഥപുരം സ്വദേശി വിനോദ് ബാബുവിനെതിരെയാണ് പൊലീസ് കേസെടുത്തത്.

പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ചുവെന്ന് പറഞ്ഞ് വ്യാജ ട്രോഫിയുമായി എത്തിയ ഇയാളെ മുഖ്യമന്ത്രിയും കായിക മന്ത്രിയും ഹാർദ്ദവമായി സ്വീകരിച്ചു.  ഇവർക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

യുവാവ് കുറച്ച് നാളായി നാട്ടിലുണ്ടായിരുന്നില്ല. ഒരു വലിയ ട്രോഫിയുമായാണ് ഇയാൾ മടങ്ങിയെത്തിയത്. പാകിസ്ഥാനിൽ ക്രിക്കറ്റ് ടൂർണമെന്റ് ഉണ്ടായിരുന്നു. അതിൽ ടീം വിജയിച്ചെന്നും ടീമിനെ നയിച്ചത് താനാണെന്നും വിനോദ് നാട്ടിൽ പ്രചരിപ്പിച്ചു. നാട്ടുകാർ ഇയാൾക്ക് വേണ്ടി പൗരസ്വീകരണം നൽകി. വഴിയോരത്തെല്ലാം ഫ്ലെക്സുകൾ സ്ഥാപിച്ചു. ഇതിന് പിന്നാലെ വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും അഭിനന്ദവുമായി രംഗത്തെത്തി.തുടർന്ന് യുവാവിനെ മന്ത്രി മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചു. 

മുഖ്യമന്ത്രിയുടെ വക അഭിനന്ദനവും പൊന്നാടയും. കായിക മന്ത്രി ഉദയനിധിയും സ്റ്റാലിനും വിനോ​ദിനെ അഭിനന്ദിച്ചു. വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ യുവാവ് പെട്ടു. ഇയാൾക്കെതിരെ രാമനാഥപുരം പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു.

പാസ്‌പോർട്ട് പോലുമില്ലാത്ത ഇയാൾ ഇന്ത്യവിട്ടെങ്ങും പോയിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ ഇത് പറഞ്ഞ് നിരവധി ആളുകളുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ തമിഴ്നാട് പൊലീസിനും ഇൻസ്റ്റലിജൻസ് വകുപ്പിനുമെതിരെ വലിയ രീതിയിലുള്ള വിമർശം ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ നടപടിയുണ്ടായെക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com