വര്‍ഗീയ സംഘര്‍ഷം: നൂഹ് എസ്പിയെ സ്ഥലംമാറ്റി; 2300 ഓളം സമൂഹമാധ്യമ വീഡിയോകള്‍ നിരീക്ഷണത്തില്‍

നൂഹുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം, പിന്നീട് ഗുരുഗ്രാം, സോഹ്ന, മനേസര്‍ തുടങ്ങിയ ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു
അക്രമികൾ തീവെച്ചു നശിപ്പിച്ച വാഹനങ്ങൾ/ എഎൻഐ
അക്രമികൾ തീവെച്ചു നശിപ്പിച്ച വാഹനങ്ങൾ/ എഎൻഐ

ന്യൂഡല്‍ഹി: വര്‍ഗീയ സംഘര്‍ഷമുണ്ടായ ഹരിയാനയിലെ നൂഹില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. നൂഹിലെ പൊലീസ് സൂപ്രണ്ട് വരുണ്‍ സിംഗ്ലയെ സ്ഥലം മാറ്റി. ഭിവാനിയിലേക്കാണ് സിംഗ്ലയെ മാറ്റിയത്. പകരം നരേന്ദര്‍ ബിജാര്‍നിയയെ നൂഹിലെ എസ്പിയായി നിയമിച്ചു. 

വ്യാഴാഴ്ച രാത്രിയാണ് ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. നൂഹില്‍ വിഎച്ച്പിയുടെ മതഘോഷയാത്രയും അതേത്തുടര്‍ന്നുള്ള വര്‍ഗീയ സംഘര്‍ഷവും ഉണ്ടാകുമ്പോള്‍ വരുണ്‍ സിംഗ്ല അവധിയിലായിരുന്നു. അപ്പോള്‍ പല്‍വാല്‍ എസ്പി ലോകേന്ദ്ര സിംഗിനായിരുന്നു നൂഹിന്റെ ചുമതല നല്‍കിയിരുന്നത്. 

വിഎച്ച്പിയും ബജ് രംഗ് ദളും ചേര്‍ന്ന് നടത്തിയ മതഘോഷയാത്ര ഒരു സംഘം ആളുകള്‍ തടഞ്ഞതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളില്‍, രണ്ട് പൊലീസ് ഹോം ഗാര്‍ഡുകള്‍, ഒരു മുസ്ലിം പുരോഹിതന്‍ എന്നിവരടക്കം ആറു പേരാണ് കൊല്ലപ്പെട്ടത്. നൂഹുവില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം, പിന്നീട് ഗുരുഗ്രാം, സോഹ്ന, മനേസര്‍ തുടങ്ങിയ ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു.

വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് 93 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 176 ആളുകള്‍ അറസ്റ്റിലായി. 90 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മൂന്നുപേരുടെ പ്രകോപനപരമായ പോസ്റ്റുകളാണ് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് എഫ്‌ഐആറില്‍ സൂചിപ്പിക്കുന്നത്. 2300 ഓളം സമൂഹമാധ്യമ വീഡിയോകള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com