ന്യൂഡല്‍ഹി: ഹിന്ദി ദേശീയ ഭാഷയാണെന്ന് സുപ്രീം കോടതി. ബംഗാളില്‍നിന്ന് ഉത്തര്‍പ്രദേശിലെ ട്രൈബ്യൂണലിനു മുന്നില്‍ സാക്ഷി പറയാനെത്തിയവര്‍ ഹിന്ദിയില്‍ മൊഴി നല്‍കണമന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. യുപിയിലെ ഫറൂഖാബാദ് അപകട നഷ്ടപരിഹാര ട്രൈബ്യൂണലിനു മുന്നിലുള്ള കേസ് പശ്ചിമ ബംഗാളിലെ ഡാര്‍ജിലിങ്ങിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നിരീക്ഷണം.
അപകട നഷ്ടപരിഹാര കേസിലെ പരാതിക്കാരനാണ് ഹര്‍ജിയുമായി സുപ്രീം കോടതിയില്‍ എത്തിയത്. കേസില്‍ സാക്ഷികളെല്ലാം പശ്ചിമ ബംഗാളിലെ സിലിഗുഡിയില്‍നിന്ന് ഉള്ളവരാണെന്നും ഫാറൂഖാബാദില്‍ കേസ് നടക്കുന്നത് ഭാഷാപരമായ തടസ്സത്തിനു കാരണമാവുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതു തള്ളിക്കൊണ്ട് കോടതി ഇങ്ങനെ നിരീക്ഷിച്ചതായി ബാര്‍ ആന്‍ഡ് ബെഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു: ''വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍ ജനങ്ങള്‍ പല ഭാഷ സംസാരിക്കുന്നവരാണെന്നതില്‍ സംശയമില്ല. രാജ്യത്ത് 22 ഔദ്യോഗിക ഭാഷകളുണ്ട്. എന്നാല്‍ ഹിന്ദി ദേശീയ ഭാഷയാണ്. അതുകൊണ്ടുതന്നെ യുപി കോടതിക്കു മുന്നില്‍ ഹാജരാവുന്ന സാക്ഷികള്‍ ഹിന്ദിയില്‍ മൊഴി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.''
അപകടം നടന്നത് സിലിഗുഡിയില്‍ ആണെന്ന വാദവും, കേസ് മാറ്റുന്നതിനു കാരണമായി കോടതി അംഗീകരിച്ചില്ല. അപകടത്തിന് ഇരയായ ആള്‍ താമസിക്കുന്ന പ്രദേശത്തെ കോടതിയില്‍ കേസ് നല്‍കാനാവുമെന്ന് എംഎസിടി ആക്ടിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കോടതി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക