ദീര്‍ഘകാലം ആയുര്‍വേദ മരുന്നു കഴിച്ചു, രക്തത്തില്‍ വിഷാംശം; വിട്ടുമാറാത്ത രോഗം, കേസ് സ്റ്റഡി

ഏതാനും ആഴ്ചകള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോഴാണ് ഒരു വര്‍ഷത്തിലേറെയായി ആയുര്‍വേദ മരുന്നു കഴിക്കുന്ന വിവരം ഇവര്‍ അറിയിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വയറുവേദനയും ഛര്‍ദിയും മൂലം ആശുപത്രിയിലായ യുവതിയുടെ രോഗ കാരണം ഏറെക്കാലം ആയുര്‍വേദ മരുന്നു കഴിച്ചതില്‍നിന്നുള്ള വിഷബാധയെന്നു കണ്ടെത്തല്‍. വന്ധ്യതാ ചികിത്സയുടെ ഭാഗമായി ഒരു വര്‍ഷത്തിലേറെയായി ആയുര്‍വേദ മരുന്നു കഴിക്കുന്ന ഇവരുടെ ശരീരത്തില്‍ അമിതമായി ഈയം എത്തിയിട്ടുണ്ടെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കാനഡയിലാണ് കേസ് സ്റ്റഡിക്ക് ആസ്പദമായ സംഭവം. ആറാഴ്ചയ്ക്കിടെ 39കാരിയായ സ്ത്രീ മൂന്നു തവണ ആശുപത്രിയിലെത്തി. വയറുവേദന, മലബന്ധം, തളര്‍ച്ച, ഛര്‍ദി തുടങ്ങിവയായിരുന്നു ഇവരുടെ പ്രശ്‌നങ്ങള്‍. മൂന്നാം തവണ എത്തിയപ്പോള്‍ ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഒട്ടേറെ പരിശോധനകള്‍ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. ലക്ഷണങ്ങള്‍ കുറഞ്ഞതോടെ ഇവരെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.

ഏതാനും ആഴ്ചകള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോഴാണ് ഒരു വര്‍ഷത്തിലേറെയായി ആയുര്‍വേദ മരുന്നു കഴിക്കുന്ന വിവരം ഇവര്‍ അറിയിച്ചത്. തുടര്‍ന്നു നടത്തിയ രക്തപരിശോധനയില്‍ ഈയത്തിന്റെ അളവ് 55 മൈക്രോഗ്രാം ആണ് കണ്ടെത്തിയത്. രണ്ടു മൈക്രോഗ്രാമില്‍ താഴെയാണ് അനുവദനീയമായ അളവ്. 

ആയുര്‍വേദ മരുന്നു നിര്‍ത്തിയതോടെ രക്തത്തിലെ ഈയത്തിന്റെ അളവ് കുറയാന്‍ തുടങ്ങി. ഇതോടെ മറ്റു അസ്വസ്ഥതകളും ഇല്ലാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്തത്തില്‍ ഈയത്തിന്റെ അളവ് കൂടുതല്‍ കണ്ടതോടെ ആശുപത്രി അധികൃതര്‍ ഒന്റാറിയോ പബ്ലിക് ഹെല്‍ത്തുമായി ബന്ധപ്പെട്ടു. വിദഗ്ധ പരിശോധനയ്ക്കായി, സ്ത്രീ നല്‍കിയ ഗുളികകളുടെ സാംപിള്‍ കൈമാറി. പതിനേഴു ഗുളികളാണ് ഇവര്‍ നല്‍കിയത്. ഇതില്‍ പലതിലും ഈയത്തിന്റെ അളവ് കൂടുതല്‍ ആയിരുന്നെന്നാണ് കണ്ടെത്തിയത്. ഇവര്‍ ചികിത്സ നടത്തിയ ആയുര്‍വേദ ക്ലിനിക്കില്‍നിന്ന് അധികൃതര്‍ മരുന്നുകള്‍ പിടിച്ചെടുത്തു. ഇവ കഴിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com