മണിപ്പൂരില്‍ സംഘര്‍ഷമുണ്ട്, സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു, മുഖ്യമന്ത്രിയെ മാറ്റില്ല: അമിത് ഷാ

മണിപ്പൂരില്‍ സംഘര്‍ഷം നടക്കുന്നുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നു/പിടിഐ
അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം നടക്കുന്നുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശമാണ് കലാപത്തിന് കാരണമായത്. കലാപത്തില്‍ പ്രതിപക്ഷത്തെക്കാള്‍ വേദന ബിജെപിക്കുണ്ട്. മണിപ്പൂരില്‍ സര്‍ക്കാര്‍ ആദ്യംമുതല്‍ തന്നെ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിനെ ഇപ്പോള്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമ സംഭവങ്ങളെ ആരും ന്യായീകരിക്കില്ല.
ഏറ്റവും കൂടുതല്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നത് നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും സമയത്താണ്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ നരേന്ദ്ര മോദി അമ്പതിലേറെ തവണയാണ് നോര്‍ത്ത് ഈസ്റ്റ് സന്ദര്‍ശിച്ചത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് മോദി ശ്രമിക്കുന്നത്. വടക്ക് കിഴക്കിന് വേണ്ടി പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല. 

മണിപ്പുര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്റെ ലക്ഷ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. ജനങ്ങളോ പാര്‍ലമെന്റോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവിശ്വസിക്കുന്നില്ല. അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ മനോനിലയാണ് പുറത്തെത്തിച്ചതെന്നും അധികാരം ഉറപ്പിക്കുക എന്നതും അഴിമതിയും മാത്രമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അമിത് ഷാ ആരോപിച്ചു.

ജനങ്ങളുടെ താത്പര്യത്തിലൂന്നിയല്ല അവിശ്വാസ പ്രമേയമെന്നും ന്യൂനപക്ഷത്തെ കുറിച്ചുള്ള ചോദ്യം പോലുമുയരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് അഴിമതിയും പ്രീണനരാഷ്ട്രീയവും കുടുംബവാഴ്ചയും ഇല്ലാതെയാക്കാന്‍ മുഖ്യപങ്ക് വഹിച്ചയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യത്തിന് ശേഷം അധികാരത്തിലെത്തുന്ന ഏറ്റവും ജനപ്രിയനായ പ്രധാനമന്ത്രിയാണ് മോദിയെന്നും അമിത് ഷാ അവകാശപ്പെട്ടു. 

സ്വാതന്ത്ര്യത്തിന് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വിജയിച്ച ഏക സര്‍ക്കാര്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ്. ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള ആത്മവിശ്വാസമാണ് ഭരണതുടച്ചയും വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ജനങ്ങള്‍ക്ക് വേണ്ടി അവിശ്രമം കഠിനാധ്വാനം ചെയ്യുന്ന ഏക പ്രധാനമന്ത്രിയും നരേന്ദ്ര മോദിയാണ്. 24 മണിക്കൂറില്‍ 17 മണിക്കൂറും പ്രധാനമന്ത്രി ജോലിയെടുക്കുന്നു. ഇത് തന്റെ അവകാശവാദമല്ല, ലോകമെമ്പാടും നടത്തിയ അസംഖ്യം സര്‍വെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് പറയുന്നത്. 

കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുമെന്ന് യുപിഎ പറയുന്നു. ലോണുകള്‍ എഴുതിതള്ളുന്നതിലല്ല, ആര്‍ക്കും ലോണെടുക്കേണ്ടി വരാത്ത ഒരു രാജ്യത്തിലാണ് ഞങ്ങള്‍ക്ക് വിശ്വാസം. കര്‍ഷകര്‍ക്ക് സൗജന്യം നല്‍കുകയല്ല, അവരെ സ്വയം പ്രാപ്തരാക്കുകയാണ് ഞങ്ങള്‍ ചെയ്തത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തില്‍ 50-ലധികം ചരിത്രപ്രധാനമായ തീരുമാനങ്ങളാണ് മോദി സര്‍ക്കാരെടുത്തതെന്നും അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com