കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം ശബ്ദ വോട്ടോടെ തള്ളി; അധിര്‍ രഞ്ജന്‍ ചൗധരിക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ മോശമായി പെരുമാറിയതിന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു
അധിര്‍ രഞ്ജന്‍ ചൗധരി/ ഫയല്‍ ചിത്രം
അധിര്‍ രഞ്ജന്‍ ചൗധരി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുന്നതിനിടെ മോശമായി പെരുമാറിയതിന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയതിനെതിരായ പരാതിയില്‍ അവകാശലംഘന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. നാളെ സമ്മേളനം തീരാനിരിക്കെയാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തത്. അതിനിടെ പ്രതിപക്ഷം ബഹിഷ്‌കരിച്ച സഭയില്‍ ശബ്ദ വോട്ടോടെ മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം തള്ളി. 

മണിപ്പൂരില്‍ സമാധാനത്തിന്റെ സൂര്യന്‍ ഉദിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കി. കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ചെയ്യാന്‍ കഴിയുന്നത് മുഴുവന്‍ സംസ്ഥാനവും കേന്ദ്രവും ചേര്‍ന്ന് ചെയ്യും. സ്ത്രീകളും പെണ്‍മക്കളും അടങ്ങുന്ന മണിപ്പൂര്‍ ജനതയോട് ഒപ്പം രാജ്യം ഉണ്ടെന്നും മോദി പറഞ്ഞു. 

'ലങ്ക കത്തിച്ചത് ഹനുമാന്‍ അല്ല, അവന്റെ (രാവണന്‍) അഹങ്കാരം കൊണ്ടാണ്, മനുഷ്യരും ശ്രീരാമനെപ്പോലെയാണ്, അതുകൊണ്ടാണ് നിങ്ങളെ 400 ല്‍ നിന്ന് 40 ആയി ചുരുക്കിയത്്. ജനങ്ങളാണ് പൂര്‍ണ്ണ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ രണ്ടുതവണയും തെരഞ്ഞെടുത്തത്.  2024ലും രാജ്യത്തെ ജനങ്ങള്‍ നിങ്ങളെ ഉറങ്ങാന്‍ അനുവദിക്കില്ല. ജന്മദിനത്തില്‍ വിമാനത്തില്‍ കേക്ക് മുറിച്ച ഒരു കാലമുണ്ടായിരുന്നു.  എന്നാല്‍ ഇന്ന് ആ വിമാനങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി വാക്‌സിനുകള്‍ അയയ്ക്കുന്നു.'- രാഹുലിന് മറുപടിയായി മോദി പറഞ്ഞു. 

'രാജ്യത്തെ ജനങ്ങള്‍ക്ക് കോണ്‍ഗ്രസില്‍ വിശ്വാസമില്ല. അഹങ്കാരം മൂലം അവര്‍ക്ക് യാഥാര്‍ത്ഥ്യം കാണാന്‍ കഴിയുന്നില്ല. തമിഴ്നാട്ടില്‍ 1962ല്‍ അവര്‍ വിജയിച്ചു, 1962 മുതല്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ 'കോണ്‍ഗ്രസ് വേണ്ട' എന്ന് പറയുന്നു. 1972ല്‍ പശ്ചിമ ബംഗാളില്‍ അവര്‍ വിജയിച്ചപ്പോള്‍, പശ്ചിമ ബംഗാളിലെ ജനങ്ങളും പറയുന്നത് 'കോണ്‍ഗ്രസ് വേണ്ട' എന്നാണ്. യുപിയിലും ബിഹാറിലും ഗുജറാത്തിലും അവര്‍ 1985ല്‍ ജയിച്ചു, ഈ സംസ്ഥാനങ്ങളിലെ ജനങ്ങളും പറയുന്നത് 'കോണ്‍ഗ്രസ് വേണ്ട' എന്നാണ്.' - മോദി വിമര്‍ശിച്ചു.

രാജ്യത്തേക്കാള്‍ വലുതാണ് പാര്‍ട്ടിയെന്നാണ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ചിന്തിക്കുന്നതെന്നും നരേന്ദ്രമോദി ആരോപിച്ചു . രാജ്യത്തെ പാവപ്പെട്ടവന്റെ വിശപ്പിനെ കുറിച്ച് അവര്‍ക്ക് വേവലാതിയില്ല. അവര്‍ക്ക് ആര്‍ത്തി അധികാരത്തോടാണെന്നും പ്രതിപക്ഷത്തെ ഉദ്ദേശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.

'ഈ അവിശ്വാസ പ്രമേയത്തിലെ ചില കാര്യങ്ങള്‍ വളരെ വിചിത്രമാണ്, അവ മുമ്പ് കേട്ടിട്ടില്ലാത്തതോ കണ്ടിട്ടില്ലാത്തതോ, സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവിന്റെ പേര് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല.അധിര്‍ രഞ്ജന്‍ ചൗധരിക്ക് എന്താണ് സംഭവിച്ചത്? അവരുടെ പാര്‍ട്ടി അദ്ദേഹത്തിന് സംസാരിക്കാന്‍ അവസരം നല്‍കിയില്ല. അവരുടെ ടൈം സ്ലോട്ട് അവസാനിച്ചപ്പോള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിച്ചത് ഔദാര്യമായി കാണണം.എന്തിനാണ് അധീര്‍ ബാബുവിനെ മാറ്റിനിര്‍ത്തിയത്.ഒരുപക്ഷേ കൊല്‍ക്കത്തയില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ ഉണ്ടായിട്ടുണ്ടാകാം, കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും വീണ്ടും അപമാനിക്കുന്നു.'- മോദി വിമര്‍ശിച്ചു.

'ഞങ്ങള്‍ ഇന്ത്യയുടെ പ്രശസ്തി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചു, എന്നാല്‍ ലോകത്ത് നമ്മുടെ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരുണ്ട്, എന്നാല്‍ ഇന്ന് ഇന്ത്യയിലുള്ള ലോകത്തിന്റെ വിശ്വാസം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്' - മോദി പറഞ്ഞു.

'നമ്മുടെ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിലായിരിക്കണം.ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമ്മുടെ യുവാക്കള്‍ക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശക്തിയുണ്ട്. ഞങ്ങള്‍ യുവാക്കള്‍ക്ക് അഴിമതി രഹിത സര്‍ക്കാരും അവസരങ്ങളും നല്‍കി.' മോദി തുടര്‍ന്നു 

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ബിജെപിക്ക് റെക്കോര്‍ഡ് വിജയമുണ്ടാകുമെന്നും നരേന്ദ്രമോദി പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ദൈവത്തിന്റെ അനുഗ്രഹമായാണ് കാണുന്നതെന്നും മോദി പറഞ്ഞു. 

'മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് എന്‍ഡിഎയും ബിജെപിയും വന്‍ വിജയത്തോടെ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷത്തിന് തന്നെ മനസിലായതായി എനിക്ക് അവരില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. ജനങ്ങളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തും'- മോദി പറഞ്ഞു.

'ദൈവം വളരെ ദയയുള്ളവനാണ്,  ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് പ്രതിപക്ഷം ഈ പ്രമേയം കൊണ്ടുവന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. 2018 ലെ അവിശ്വാസ പ്രമേയത്തിനിടെ ഇത് ഞങ്ങള്‍ക്കുള്ള ഫ്‌ലോര്‍ ടെസ്റ്റ് അല്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്കുള്ള ഫ്‌ലോര്‍ ടെസ്റ്റാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ പരാജയപ്പെട്ടു'- മോദി ഓര്‍മ്മിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com