തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കേണ്ടത് അഞ്ചംഗ പാനല്‍ അല്ലെങ്കില്‍ കൊളീജിയം; അഡ്വാനിയുടെ പഴയ കത്തു പുറത്തുവിട്ട് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് ജയ്‌റാം രമേശിന്റെ ട്വീറ്റ്
ജയ്‌റാം രമേശ്/ ഫയല്‍
ജയ്‌റാം രമേശ്/ ഫയല്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാനുള്ള സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാനുള്ള കേന്ദ്ര നീക്കം വിവാദമായിരിക്കെ, ബിജെപി നേതാവ് എല്‍കെ അഡ്വാനിയുടെ പഴയ കത്ത് പുറത്തുവിട്ട് കോണ്‍ഗ്രസ്. 2012-ല്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷനായിരുന്ന അഡ്വാനി, അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്താണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പുറത്തു വിട്ടത്. 

സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് ജയ്‌റാം രമേശിന്റെ ട്വീറ്റ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റംഗങ്ങളെയും തെരഞ്ഞെടുക്കേണ്ടത് അഞ്ചംഗങ്ങളുള്ള പാനലോ, കൊളീജിയമോ ആയിരിക്കണമെന്ന് അഡ്വാനി കത്തില്‍ നിര്‍ദേശിക്കുന്നു. 

പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പാര്‍ലമെന്റിലെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കള്‍, നിയമമന്ത്രി എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാനലാണ് അഡ്വാനി നിര്‍ദേശിച്ചിരുന്നത്. 
പ്രധാനമന്ത്രിയുടെ ഉപദേശപ്രകാരം മാത്രം രാഷ്ട്രപതി, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളെ നിയമിക്കുന്ന നിലവിലെ സംവിധാനം ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉളവാക്കുന്നില്ലെന്നും 2012 ജൂണ്‍ രണ്ടിനെഴുതിയ കത്തില്‍ അഡ്വാനി സൂചിപ്പിക്കുന്നു.

ഇപ്പോള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ അഡ്വാനിയുടെ നിലപാടിനും സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കും എതിരാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണം കൈപ്പിടിയിലാക്കുക ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, പ്രധാനമന്ത്രി നാമനിര്‍ദേശം ചെയ്യുന്ന കാബിനറ്റ് മന്ത്രി എന്നിവരടങ്ങുന്ന മൂന്നംഗ സമിതി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കണമെന്നാണ് പുതിയ ബില്ലില്‍ നിര്‍ദേശിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com