ചന്ദ്രന് പിന്നാലെ സൂര്യനെ 'തൊടാനും' ഐഎസ്ആര്‍ഒ; ആദിത്യ എല്‍ വണ്‍ പേടകം ഉടന്‍ വിക്ഷേപിച്ചേക്കും

ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിന്റെ കരുത്തില്‍ സൂര്യനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ
ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച ആദിത്യ എല്‍ വണ്‍ പേടകത്തിന്റെ ദൃശ്യം
ഐഎസ്ആര്‍ഒ എക്‌സില്‍ പങ്കുവെച്ച ആദിത്യ എല്‍ വണ്‍ പേടകത്തിന്റെ ദൃശ്യം

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ മൂന്നിന്റെ വിജയകരമായ വിക്ഷേപണത്തിന്റെ കരുത്തില്‍ സൂര്യനെ കുറിച്ച് പഠിക്കാന്‍ ഒരുങ്ങി ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ. ഇന്ത്യയുടെ ആദ്യ സൗരദൗത്യത്തിന് ആദിത്യ എല്‍ വണ്‍ പേടകമാണ് വിക്ഷേപിക്കുക.

സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള ആദ്യ സൗരദൗത്യത്തിന് തയ്യാറെടുത്ത് വരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിന്റെ ഭാഗമായി അസംബ്ലിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി വിക്ഷേപണ വാഹനത്തെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ എത്തിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു. ബംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് പേടകം വികസിപ്പിച്ചത്. ഓഗസ്റ്റ് അവസാനമോ, അല്ലെങ്കില്‍ സെപ്റ്റംബര്‍ ആദ്യമോ വിക്ഷേപണം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൗര-ഭൗമ വ്യവസ്ഥയുടെ ലാഗ്രാഞ്ച് പോയിന്റ് 1 (എല്‍ 1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. പേടകത്തിന് വട്ടമിട്ട് പറന്ന് നിരീക്ഷണം നടത്താന്‍ കഴിയുന്ന അനുയോജ്യമായ സ്ഥലമാണ് ലാഗ്രാഞ്ച് പോയിന്റ്. ഇവിടെ സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണ ബലം പരസ്പരം റദ്ദാക്കപ്പെടുന്നത് മൂലമാണ് ബഹിരാകാശ പേടകത്തിന് വട്ടമിട്ട് പറക്കാന്‍ സാധിക്കുന്നത്.

എല്‍ 1 പോയിന്റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ വച്ച് സൂര്യനെ തുടര്‍ച്ചയായി വീക്ഷിക്കാന്‍ സാധിക്കും. പേടകത്തില്‍ ഏഴ് പേലോഡുകളാണ് ഉണ്ടാവുക.വൈദ്യുത കാന്തിക, കാന്തിക ക്ഷേത്ര ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് ഫോട്ടോസ്ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്റെ ഏറ്റവും പുറം പാളികള്‍ (കൊറോണ) എന്നിവ നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പേലോഡുകള്‍.

സൗരാന്തരീക്ഷത്തിലെ ക്രോമോസ്ഫിയറും കൊറോണയും നിരീക്ഷിക്കുന്നതിനാണ് ആദിത്യ എല്‍ വണിന്റെ ഉപകരണങ്ങള്‍ പ്രധാനമായും ട്യൂണ്‍ ചെയ്തിരിക്കുന്നത്. സൂര്യന്റെ ഉപരിതല അന്തരീക്ഷത്തിന്റെ ചലനാത്മകതയെ കുറിച്ച് പഠിക്കാനാണ് പ്രധാനമായി വിക്ഷേപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com