'പാലില്‍ വിഷം ചേര്‍ത്ത് ഗാന്ധിജിക്കു നല്‍കണം'; പറ്റില്ല, മിയാന്‍ പറഞ്ഞു, എല്ലാവരും എല്ലാം മറന്നെന്നു കുടുംബം

ഒറ്റവാക്കുകൊണ്ടുതന്നെ സായിപ്പിന്റെ പദ്ധതി പൊളിച്ചു, ബംഗ്ലാവിലെ പാചകക്കാരനായിരുന്ന മിയാന്‍
സ്വാതന്ത്ര്യ ദിന നിറവില്‍ രാജ്യം/പിടിഐ
സ്വാതന്ത്ര്യ ദിന നിറവില്‍ രാജ്യം/പിടിഐ

'പാലില്‍ വിഷം ചേര്‍ത്ത് ഗാന്ധിജിക്കു നല്‍കണം.' ബടക് മിയാന്റെ മുന്നില്‍ മാനേജര്‍ ഇര്‍വിന്‍ വച്ച ആവശ്യം അതായിരുന്നു. 

1917ല്‍ ചമ്പാരനിലെ നീലം കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ എത്തിയതായിരുന്നു ഗാന്ധിജി. പ്ലാന്റേഷന്റെ മാനേജരായ വെള്ളക്കാരന്‍ ഇര്‍വിന്‍ അദ്ദേഹത്തെ ബംഗ്ലാവിലേക്ക് അത്താഴത്തിനു ക്ഷണിച്ചു. വിഷം കൊടുത്ത് ഗാന്ധിജിയെ വകവരുത്താനായിരുന്നു പരിപാടി. 

'പറ്റില്ല'

ഒറ്റവാക്കുകൊണ്ടുതന്നെ സായിപ്പിന്റെ പദ്ധതി പൊളിച്ചു, ബംഗ്ലാവിലെ പാചകക്കാരനായിരുന്ന മിയാന്‍.  ഇര്‍വിന്‍ ആസൂത്രണം ചെയ്ത ചതിയെക്കുറിച്ച് ഗാന്ധിജിക്ക് അറിവു നല്‍കുകയും ചെയ്തു. 

ചമ്പാരനില്‍ ഗാന്ധിജി നടത്തിയ സമരം പിന്നീട് ചരിത്രത്തില്‍ ഇടംപിടിച്ചു, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ധീരമായ അധ്യായമായി അതു മാറി. എന്നാല്‍ അന്നു ഗാന്ധിജിയുടെ ജീവന്‍ രക്ഷിച്ച ബടക് മിയാനെ അധികംപേരൊന്നും അറിഞ്ഞില്ല.

വെള്ളക്കാരുടെ ആജ്ഞ ധിക്കരിച്ചതിന് കൊടിയ പീഡനത്തിനാണ് മിയാന്‍ ഇരയായത്. നാട്ടില്‍നിന്ന് മിയാന്‍ കുടുംബത്തോടൊപ്പം പുറത്താക്കപ്പെട്ടു. പിന്നീട്, സ്വാതന്ത്ര്യത്തിനു ശേഷം, മിയാനും കുടുംബവും അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടിനെക്കുറിച്ച് അറിഞ്ഞ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ഇവരുടെ ത്യാഗത്തിനു പ്രതിഫലമായി അന്‍പത് ഏക്കര്‍ ഭൂമി നല്‍കാന്‍ ജില്ലാ കലക്ടറോട് നിര്‍ദേശിച്ചു. അവസാനം കിട്ടിയതാവട്ടെ, നദിയോടു ചേര്‍ന്നുള്ള ആറേക്കര്‍ ഭൂമിയും.

അന്നു കിട്ടിയ ഭൂമിയില്‍ നല്ലൊരു പങ്കും നദി തന്നെ തിരിച്ചെടുത്തെന്നാണ്, ബടക് മിയാന്റെ കൊച്ചുമകന്‍ കലാം അന്‍സാരി പിടിഐയോടു പറഞ്ഞത്. തന്റെ കുടുംബത്തിന്റെ ത്യാഗത്തെ ജനങ്ങള്‍ മറന്നെന്നും പരിഭവപ്പെടുന്നു, അന്‍സാരി. 

കടുത്ത ദാരിദ്ര്യത്തിലാണ് ഇപ്പോള്‍ കുടുംബം. ആറേക്കര്‍ ഭൂമിയില്‍ അഞ്ചേക്കറും നദിയില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ നഷ്ടപ്പെട്ടു. അന്‍പതേക്കറില്‍ ശേഷിച്ച ഭൂമി കിട്ടാനായി കയറിയിറങ്ങാത്ത ഓഫിസില്ല- അന്‍സാരി പറഞ്ഞു. 

ആറേക്കര്‍ ഭൂമിയാണ് മിയാന്റെ കുടുംബത്തിന് അനുവദിച്ചതെന്നും അവരുടെ പരാതി പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ജില്ലാ കലക്ടര്‍ ദിനേഷ് കുമാര്‍ റായ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com