അവര്‍ക്കിടയിലും നല്ല മനുഷ്യരുണ്ട്, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കില്ല: ദിഗ്‌വിജയ് സിങ് 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്രംഗ് ദള്‍ നിരോധിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിങ്
ദിഗ്‌വിജയ് സിങ്,ബജ്രംഗ് ദള്‍ പ്രകടനം
ദിഗ്‌വിജയ് സിങ്,ബജ്രംഗ് ദള്‍ പ്രകടനം

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്രംഗ് ദള്‍ നിരോധിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിങ്. ബജ്രംഗ് ദളിനുള്ളിലും ചില നല്ല മനുഷ്യരുണ്ട്. എന്നാല്‍ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗുണ്ടകളെയും വെറുതേ വിടില്ല- അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്രംഗ് ദളിനെ നിരോധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. നേരത്തെ, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബജ്രംഗ് ദള്‍ പോലുള്ള സംഘടനകളെ നിരോധിക്കും എന്നുള്ള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം വിവാദമായിരുന്നു. 

മുന്‍പ് ബജ്രംഗ് ദളിന് എതിരെ ദിഗ് വിജയ് സിങ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ബജ്രംഗ് ദളിന് പാകിസ്ഥാന്‍ ചാര സംഘടന ഐഎസ്‌ഐയുമായ് ബന്ധമുണ്ടെന്ന ദിഗ് വിജയ് സിങിന്റെ ആരോപണം വിവാദമായിരുന്നു. 

ഇന്ത്യ ഹിന്ദു രാഷ്ട്രം തന്നെയാണെന്ന കമല്‍നാഥിന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. കമല്‍നാഥ് പറഞ്ഞതിലെ തെറ്റെന്താണെന്നും ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യയെ കുറിച്ച് പറയുന്നത് പാപമാണോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ ഭൂരിപക്ഷം ഹിന്ദുക്കളാണ്, അതിനാല്‍ ഹിന്ദു രാഷ്ട്രമാണെന്നും അങ്ങനെ പ്രഖ്യാപിക്കേണ്ടതില്ലെന്നും ആയിരുന്നു കമല്‍നാഥിന്റെ പ്രസ്താവന. 

'ഹിന്ദുരാഷ്ട്രത്തെയും ഹിന്ദുത്വയെയും കുറിച്ച് ഭരണഘടനയില്‍ പറയുന്നില്ല. ഇന്ത്യ ഭരണഘടന അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നവര്‍, അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ഹിന്ദുരാഷ്ട്രത്തെ കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് രാജിവച്ചിരിക്കണം'- ദിഗ്‌വിജയ് സിങ് കൂട്ടിച്ചേര്‍ത്തു. 

'ഞാനൊരു ഹിന്ദുവാണ്, ഹിന്ദുവായി തന്നെ തുടരും. ഹിന്ദു മതം പിന്തുടരുന്ന വ്യക്തിയാണ് ഞാന്‍. സനാതന ധര്‍മ്മമാണ് ഞാന്‍ പിന്തുടരുന്നത്. എന്നാല്‍ എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണ് ഞാന്‍. ഹിന്ദു, മുസ്!ലിം, സിഖ്, ക്രിസ്ത്യന്‍ തുടങ്ങി എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശിവ്!രാജ് സിങ് ചൗഹാനും നിര്‍ത്തണം. രാജ്യത്ത് സമാധാനം കൊണ്ടുവരണം.സമാധാനത്തിലൂടെ മാത്രമേ വളര്‍ച്ചയുണ്ടാവു'-ദിഗ്‌വിജയ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com