ഞാന്‍ അംഗപരിമിത; അതുകൊണ്ടാണ് സഹപാഠികളെ കൊണ്ട് തല്ലിച്ചത്; വിശദീകരണവുമായി അധ്യാപിക; കേസ് 

കുട്ടിയുടെ അമ്മാവന്‍ പറഞ്ഞത് പ്രകാരമാണ് ഞാന്‍ അങ്ങനെ ചെയ്തത്
അധ്യാപിക തൃപ്ത ത്യാഗി
അധ്യാപിക തൃപ്ത ത്യാഗി

ലക്‌നൗ: യുപിയിലെ മുസാഫര്‍നഗറില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ നിഷേധിച്ച് അധ്യാപിക തൃപ്ത ത്യാഗി. കുട്ടിയെ അച്ചടക്കം പഠിപ്പിക്കാനാണ് താന്‍ ശ്രമിച്ചത്. അങ്ങനെ ചെയ്യാന്‍ കുട്ടിയുടെ അമ്മാവനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും താന്‍ അംഗപരിമിത ആയതിനാലാണ് സഹപാഠികളുടെ സഹായം തേടിയതെന്നും അധ്യാപിക പറഞ്ഞു. 

'വിദ്യാര്‍ഥിയുടെ നല്ലതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. കുട്ടി മാസങ്ങളായിട്ടും ഒരു പാഠം മനഃപാഠമാക്കിയിരുന്നില്ല. അതുകൊണ്ട് ശിക്ഷിക്കേണ്ടി വന്നു. പക്ഷേ ഞാന്‍ അംഗപരിമിതയാണ്. അതുകൊണ്ടാണ് അടി നല്‍കാന്‍ മറ്റു കുട്ടികളോട് പറഞ്ഞത്.കുട്ടിയുടെ അമ്മാവന്‍ പറഞ്ഞത് പ്രകാരമാണ് ഞാന്‍ അങ്ങനെ ചെയ്തത്', അധ്യാപിക വ്യക്തമാക്കി. അതേസമയം മതപരമായ വശങ്ങള്‍ സംഭവത്തിനുണ്ടെന്ന വാദങ്ങള്‍ ത്രിപ്ത ത്യാഗി തള്ളി. 'ഞങ്ങളുടെ സ്‌കൂളില്‍ ഹിന്ദു-മുസ്ലിം ശൈലികളൊന്നുമില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള ആളുകളുണ്ട്. ഞങ്ങള്‍ സൗഹാര്‍ദ്ദത്തോടെയാണ് ജീവിക്കുന്നത്, കുട്ടിയോട് എനിക്ക് ഒരു വിരോധവുമില്ല.', അവര്‍ കൂട്ടിച്ചേര്‍ത്തു. 

സംഭവത്തില്‍ രാതിയില്ലെന്നു പിതാവ് അറിയിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മുസ്ലിം വിദ്യാര്‍ഥിയാണ് ഞെട്ടിക്കുന്ന ക്രൂരതയ്ക്ക് ഇരയായത്. അധ്യാപിക മതവിദ്വേഷ പരാമര്‍ശങ്ങളും നടത്തുന്നതായി വിഡിയോയില്‍ ഉള്ളതിനാല്‍ ഇതിനെതിരായ ജാമ്യമില്ലാവകുപ്പ്  ചുമത്തണമെന്നാവശ്യപ്പെട്ടു യുപി സ്വദേശിയായ അഭിഭാഷകന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സംഭവത്തിന്റെ വിഡിയോ പങ്കുവയ്ക്കരുതെന്നും കുട്ടിയുടെ വിവരങ്ങള്‍ പുറത്തുവിടരുതെന്നും ദേശീയ ബാലവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. 

തേഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളില്‍ വ്യാഴാഴ്ചയുണ്ടായ സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. അധ്യാപിക കസേരയിലിരുന്നു നിര്‍ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി മര്‍ദിക്കുകയുമായിരുന്നു. ''എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ'' എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു. ബോധപൂര്‍വമുള്ള മര്‍ദനം, മനഃപൂര്‍വമുള്ള അപമാനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിലും പൊലീസ് സ്റ്റേഷനിലും കയറിയിറങ്ങാന്‍ വയ്യാത്തതിനാലാണ് പരാതി നല്‍കാതിരുന്നതെന്നു കുട്ടിയുടെ പിതാവ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com