സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം; റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ

നാലാഴ്‌ചയ്‌ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
അധ്യാപിക തൃപ്ത ത്യാഗി
അധ്യാപിക തൃപ്ത ത്യാഗി

ന്യൂഡൽഹി: യുപിയിൽ വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ട് മുഖത്തടിപ്പിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ശരിയാണെങ്കിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നാലാഴ്‌ചയ്‌ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് യുപി ചീഫ് സെക്രട്ടറിക്കും പൊലീസ് ഡയറക്ടർ ജനറലിനും കമ്മീഷൻ നൽകിയിരിക്കുന്ന നിർദേശം. 

അധ്യാപികക്കെതിരെ സ്വീകരിച്ച നടപടി, വിഷയത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്‍റെ വിവരങ്ങളും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകൽ, കൂടാതെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച/നിർദ്ദേശിച്ച നടപടികള്‍ അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എന്നാൽ സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് അധ്യാപിക വിഡിയോയുമായി രം​ഗത്തെത്തിയിരുന്നു.  താന്‍ ഒരു തെറ്റ് ചെയ്തു, അതില്‍ വര്‍ഗീയലക്ഷ്യം ഉണ്ടായിരുന്നില്ല, ഞാന്‍ അംഗപരിമിതയാണ്. എനിക്ക് എഴുന്നേല്‍ക്കാന്‍ കഴിയാത്തതുകൊണ്ട് ക്ലാസിലെ മറ്റ് കുട്ടിയോട് അവനെ രണ്ടുതവണ അടിക്കാന്‍ ആവശ്യപ്പെട്ടു. അത് അവന്‍ പഠിക്കാന്‍ വേണ്ടിയായിരുന്നെന്നും മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയും പ്രിന്‍സിപ്പലുമായ ത്രിപ്ത പറഞ്ഞു.

സംഭവത്തിൽ അന്വേഷണത്തിന്റെ ഭാ​ഗമായി സ്കൂൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ സമീപത്തെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുമെന്നും നിർദേശത്തിൽ പറഞ്ഞു. ഇതിനിടെ ഒരു മണിക്കൂർ നേരം മർദ്ദനമേറ്റെന്നുള്ള കുട്ടിയുടെ മൊഴി പുറത്ത് വന്നിരുന്നു. അഞ്ചിന്‍റെ ഗുണന പട്ടിക പഠിക്കാത്തതിനായിരുന്നു മർദ്ദനം. അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും രണ്ടാം ക്ലാസുകാരന്റെ മൊഴിയിൽ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com