മഞ്ഞ് പെയ്യുന്ന മണാലിയിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കാത്തവരുണ്ടോ?, പ്രതീക്ഷയോടെ വിനോദ സഞ്ചാരമേഖല

ശൈത്യകാല ടൂറിസം സീസണ്‍ ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് ടൂറിസം മേഖല.
മഞ്ഞില്‍ പുതഞ്ഞ് മണാലി
മഞ്ഞില്‍ പുതഞ്ഞ് മണാലി

ഷിംല: ഹിമാചല്‍പ്രദേശിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മണാലിയില്‍ വീണ്ടും മഞ്ഞ് വീണു തുടങ്ങുമ്പോള്‍ രാജ്യത്തെ വിനോദ സഞ്ചാരമേഖലക്കാകെ ഒരുണര്‍വാണ്. ആരാണ് മഞ്ഞുപെയ്യുന്ന മണാലിയിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കാത്തത്. ഹിമാചല്‍പ്രദേശിലെ വിനോദ സഞ്ചാര മേഖലയും പ്രതീക്ഷയിലാണ്. 

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞതിന് ശേഷം ഷിംലയും കുളുവും മണാലിയും അടക്കമുള്ള ഹിമാചലിലെ വിനോദസഞ്ചാര മേഖലകള്‍ പ്രതിസന്ധിയിലാണ്. ശൈത്യകാല ടൂറിസം സീസണ്‍ ആരംഭിച്ചതോടെ പ്രതീക്ഷയിലാണ് ടൂറിസം മേഖല. വിനോദ സഞ്ചാരികളെ പ്രതീക്ഷിച്ച് പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളുമെല്ലാം പുനര്‍നിര്‍മ്മിച്ചിരുന്നു. 

മണ്‍സൂണ്‍ സമയത്ത് ഹിമാചലിലുണ്ടായ പ്രളയവും ഉരുള്‍പൊട്ടലും ഷിംലയിലും മണാലിയിലും കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു.  വിനോദസഞ്ചാരികളുള്‍പ്പടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. സര്‍ക്കാര്‍ നേരിട്ട് പല ഓഫറുകള്‍ പ്രഖ്യാപിച്ചെങ്കിലും വിനോദസഞ്ചാര മേഖല പ്രതീക്ഷ കാത്തില്ല. 

മഞ്ഞ് വീഴുന്നതോടെ ക്രിസ്മസ് ന്യൂഇയര്‍ വാരം ഹോട്ടലുകളിലെ ബുക്കിങ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ വര്‍ഷവും മഞ്ഞ് വീഴുന്നത് കാണാന്‍ കൂടുതല്‍ വിനോദ സഞ്ചാരികളെത്താറുള്ളത് ക്രിസ്മസ് ന്യൂഇയര്‍ സമയത്താണ്. 

നിലവില്‍ ലഹൗള്‍ താഴ്വര പോലുള്ള പ്രദേശങ്ങളിലാണ് കനത്ത മഞ്ഞുവീഴ്ചയുള്ളത്. കെയ്ലോങ്, സിസു പോലുള്ള പ്രദേശങ്ങളില്‍ മഞ്ഞ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ മണാലിയില്‍ താപനില 2.9 ഡിഗ്രിവരെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡിസംബര്‍ പകുതി പിന്നിടുന്നതോടെ മണാലിയില്‍ ശൈത്യകാലം അതിന്റെ ഉന്നതിയിലെത്തും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com