ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് 'അപകടകരമായ രോഗം'; നിയമം കൊണ്ടുവരണമെന്ന് ബിജെപി എംപി

അതിന്റെ പ്രത്യാഘാതം ഭീകരമാണ്. അടുത്തിടെ നടന്ന ശ്രദ്ധ വാല്‍കറുടെ കൊലപാതകം ഇതാണ് കാണിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ അത്യധികം അപകടകരമായ രോഗമാണെന്നും അത് തടയാന്‍ നിയമം കൊണ്ടുവരണമെന്നും ബിജെപി എംപി ധരംബീര്‍ സിങ്. ലോക്‌സഭയിലെ ശൂന്യവേളയിലാണ് ഹരിയാന എംപി ധരംബീര്‍ സിങ് ഈ വിഷയം ഉന്നയിച്ചത്. പ്രണയിച്ചു വിവാഹം കഴിക്കുന്നവര്‍ക്കിടയില്‍ വിവാഹമോചനം വര്‍ധിക്കുകയാണെന്നും ഇത്തരം വിവാഹങ്ങളില്‍ വധുവിന്റെയും വരന്റെയും രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കണമെന്നും ധരംബീര്‍ ആവശ്യപ്പെട്ടു.

'വളരെ ഗൗരവമാര്‍ന്ന ഒരു വിഷയത്തിലേക്ക് സര്‍ക്കാരിന്റെയും പാര്‍ലമെന്റിന്റെയും ശ്രദ്ധ ക്ഷണിക്കുകയാണ്. വസുധൈവ കുടുംബകം(ലോകമേ തറവാട്) എന്ന തത്വത്തിലും സാഹോദര്യത്തിലും ഊന്നിയതാണ് ഇന്ത്യയുടെ സംസ്‌കാരം. മറ്റ് രാജ്യങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് നമ്മുടെ സാമൂഹിക നിര്‍മാണം. നമ്മുടെ നാനാത്വത്തില്‍ ഏകത്വം ലോകശ്രദ്ധയെ ആകര്‍ഷിച്ചതുമാണ്.'- എംപി ചൂണ്ടിക്കാട്ടി.

വര്‍ഷങ്ങളായി ബന്ധുക്കളും രക്ഷിതാക്കളും തീരുമാനിക്കുന്ന വിവാഹങ്ങളായിരുന്നു നമ്മുടെ നാട്ടില്‍. ഈ കാലഘട്ടത്തിലും അത്തരം അറേഞ്ച്ഡ് വിവാഹങ്ങള്‍ ഏറെ നടക്കുന്നുണ്ട്. വധുവിന്റെയും വരന്റെയും സമ്മതത്തോടെയാണ് ഈ വിവാഹങ്ങള്‍ നടത്തുന്നത്. കുടുംബത്തിന്റെ ചുറ്റുപാട്, സാമ്പത്തികം, സാമൂഹികാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് വ്യക്തികള്‍ വിവാഹബന്ധത്തില്‍ ഏര്‍പെടുന്നത്. വിവാഹം പവിത്രമായ ഒന്നാണ്. ഏഴു തലമുറയോളം നിലനില്‍ക്കുന്നതും. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയിലെ വിവാഹമോചന നിരക്ക് വെറും 1.1 ശതമാനമായിരുന്നു. അമേരിക്കയില്‍ അത് 40 ശതമാനമാണ്. കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ച വിവാഹബന്ധങ്ങള്‍ തകരാതിരിക്കുന്നതിനെ കുറിച്ച് ഏറെ പഠനങ്ങളും നടന്നിട്ടുണ്ട്. എന്നാല്‍ അടുത്തിടെയായി നമ്മുടെ രാജ്യത്ത് വിവാഹമോചനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. അതിന് പ്രധാനകാരണം പ്രണയവിവാഹങ്ങളാണ്. അതിനാല്‍ പ്രണയവിവാഹങ്ങളില്‍ വധുവിന്റെയും വരന്റെയും മാതാപിതാക്കളുടെയും സമ്മതം നിര്‍ബന്ധമാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. കാരണ പ്രണയവിവാഹിതരാകുന്നവരില്‍ ഏറെയും ഒരേ ഗോത്രത്തില്‍ പെട്ടവരല്ല. അതിനാല്‍ അത്തരം വിവാഹങ്ങള്‍ സംഘര്‍ഷമുണ്ടാക്കുന്നു. ഈ സംഘര്‍ഷത്തില്‍ പെട്ട് നിരവധി കുടുംബങ്ങള്‍ തകരുന്നു. അതിനാല്‍ പ്രണയ വിവാഹങ്ങളില്‍ മാതാപിതാക്കളുടെ സമ്മതം അനിവാര്യമാണ്.-സിങ് പറഞ്ഞു.

 വിവാഹം കഴിക്കാതെ സ്ത്രീയും പുരുഷനും ഒന്നിച്ചുജീവിക്കുന്നതിനെയാണ് ലിവ് ഇന്‍ റിലേഷന്‍ എന്ന് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ അത്തരം ബന്ധങ്ങള്‍ സാധാരണമാണ്. ഈ ദുഷിച്ച പ്രവണത നമ്മുടെ സമൂഹത്തിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പ്രത്യാഘാതം ഭീകരമാണ്. അടുത്തിടെ നടന്ന ശ്രദ്ധ വാല്‍കറുടെ കൊലപാതകം ഇതാണ് കാണിക്കുന്നത്. ശ്രദ്ധയും പങ്കാളി അഫ്താബും ലിവ് ഇന്‍ റിലേഷനിലായിരുന്നു. ഡല്‍ഹി ഇതേ രീതിയില്‍ ഒരുപാടാളുകള്‍ ഒരുമിച്ച് കഴിയുന്നുണ്ട്. ഇത് നമ്മുടെ സംസ്‌കാരത്തെ തകര്‍ക്കുന്നു. അതിനാല്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് എതിരെ നിയമം കൊണ്ടുവരണമെന്ന് അഭ്യര്‍ഥിക്കുകയാണ്.-സിങ് കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com