ന്യൂഡല്‍ഹി: പ്രതിപക്ഷ അംഗങ്ങളുടെ കൂട്ട സസ്‌പെന്‍ഷന്‍ തുടരുന്നതിനിടെ ലോക്‌സഭ അനശ്ചിതകാലത്തേക്ക് പിരിഞ്ഞു. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്‍പെയാണ് ലോക്‌സഭ പിരിഞ്ഞത്. ഇന്ന് സഭയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളായ ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍ നാഥ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചട്ടവിരുദ്ധമായി പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് സസ്‌പെന്‍ഷന്‍.
അതേസമയം, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവും സേവനങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍, ടെലി കമ്യൂണിക്കേഷന്‍ ബില്‍ എന്നിവ പാസാക്കിയാണ് സഭ പിരിഞ്ഞത്.
കഴിഞ്ഞ ദിവസങ്ങളിലെ പോല, ഇന്നും പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധവുമായാണ് സഭ തുടങ്ങിയത്. ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്റില്‍ ഉണ്ടായ പുക ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും നടുത്തളത്തിലിറങ്ങി പ്രതിഷേധം നടത്തിയതിന് 144 അംഗങ്ങളെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ലമെന്റില്‍ അമിത് ഷാ പ്രസ്താവന നടത്താത്തതില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനും ഡല്‍ഹി ജന്തര്‍മന്ദിറില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം നടത്താനും തീരുമാനിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങള്‍ എന്നിവരുടെ നിയമന രീതി മാറ്റുന്ന ബില്‍ ലോക്‌സഭ പാസാക്കി. ഇവരെ തെരഞ്ഞെടുക്കുന്ന സമിതിയില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉള്‍പ്പെടുത്തുന്ന വ്യവസ്ഥയുള്ളതാണ് ബില്‍. ഇത് നേരത്തെ തന്നെ ശബ്ദവോട്ടെടെ രാജ്യസഭ പാസാക്കിയിരുന്നു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് ഇതുപ്രകാരം സമിതിയിലുണ്ടാവുക.
ദേശീയ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ടെലികമ്മ്യൂണിക്കേഷന്‍ ബില്‍, 2023 പാര്‍ലമെന്റ് പാസാക്കി. ശബ്ദ വോട്ടോടെ രാജ്യസഭയിലും ബില്‍ പാസായതോടെയാണ് പാര്‍ലമെന്റ് നടപടികള്‍ പൂര്‍ത്തിയായത്. രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ ബില്‍ നിയമമാകും.കഴിഞ്ഞ ദിവസമാണ് ലോക്സഭ ബില്‍ പാസാക്കിയത്.
രാജ്യസുരക്ഷ മുന്‍നിര്‍ത്തി ടെലികോം സേവനങ്ങളുടെ നിയന്ത്രണം സര്‍ക്കാരിന് താത്കാലികമായി ഏറ്റെടുക്കാന്‍ അധികാരം നല്‍കുന്നതാണ് ബില്‍. കൂടാതെ അടിയന്തര സാഹചര്യത്തിലും ഒരു ടെലികോം നെറ്റ്വര്‍ക്ക് സര്‍ക്കാരിന് കൈവശപ്പെടുത്താന്‍ സാധിക്കും. പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത് അടിയന്തര സാഹചര്യങ്ങളില്‍ സംപ്രേഷണം തടയുന്നതിനും സന്ദേശങ്ങള്‍ അയക്കുന്നത് തടസ്സപ്പെടുത്താനും കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തടയാനും ഇതുവഴി സാധിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക