മൊറാര്‍ജി പത്തു തവണ; അഞ്ചു ബജറ്റ് അവതരിപ്പിച്ച ആറാമത്തെ ധനമന്ത്രിയായി നിര്‍മല

യശ്വന്ത് സിന്‍ഹയാണ്, വൈകിട്ട് അഞ്ചിനു ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് രാവിലെ പതിനൊന്നു മണിയിലേക്കു മാറ്റിയത്
നിര്‍മല സീതാരാമന്‍ സഹമന്ത്രിമാര്‍ക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം/പിടിഐ
നിര്‍മല സീതാരാമന്‍ സഹമന്ത്രിമാര്‍ക്കും ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കുമൊപ്പം/പിടിഐ

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രി എന്ന ബഹുമതിയിലേക്ക് നിര്‍മല സീതാരാമനും. അരുണ്‍ ജയ്റ്റ്‌ലി, പി ചിദംബരം, യശ്വന്ത് സിന്‍ഹ, മന്‍മോഹന്‍ സിങ്, മൊറാര്‍ജി ദേശായി എന്നിവരാണ് അഞ്ചു ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച മറ്റു ധനമന്ത്രിമാര്‍.

ആദ്യ മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അരുണ്‍ ജയറ്റ്‌ലിയാണ്. 2014-15 മുതല്‍ 2018-19 വരെ അഞ്ചു ബജറ്റുകള്‍ ജയ്റ്റ്‌ലി അവതരിപ്പിച്ചു. ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസം ബജറ്റ് അവതരിപ്പിക്കുകയെന്ന, കൊളോണിയല്‍ കാലം മുതലുള്ള പതിവിനു മാറ്റം വരുത്തിയത് ജയ്റ്റ്‌ലിയാണ്. ജയ്റ്റ്‌ലി അസുഖബാധിതന്‍ ആയപ്പോള്‍ 2019-20ല്‍ ബജറ്റ് അവതരിപ്പിച്ചത് പിയൂഷ് ഗോയല്‍ ആയിരുന്നു. 

2019ല്‍ രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായ നിര്‍മല സീതാരാമന്‍ ഇന്ദിരാ ഗാന്ധിക്കു ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന ബഹുമതി സ്വന്തം പേരിലാക്കി. 1970-71ലാണ് ഇന്ദിര ബജറ്റ് അവതരിപ്പിച്ചത്. ആദ്യ ബജറ്റില്‍ തന്നെ ബ്രീസ് കേസ് ഒഴിവാക്കിയ നിര്‍മല, പിന്നീട് ബജറ്റിനെ ടാബിലേക്കു മാറ്റി ഡിജിറ്റലാക്കി. 

ഇതുവരെയുള്ള ധനമന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചത്, മുന്‍ പ്രധാനമന്ത്രി കൂടിയായ മൊറാര്‍ജി ദേശായിയാണ്. പത്തു ബജറ്റുകളാണ് മൊറാര്‍ജി അവതരിപ്പിച്ചത്. അതില്‍ അഞ്ചും തുടര്‍ച്ചയായാണ്. 

നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് 1991-92 മുതല്‍ 1995-96 വരെ അഞ്ചു ബജറ്റുകള്‍ അവതരിപ്പിച്ചു. ഇതില്‍ ആദ്യ ബജറ്റാണ് ഇന്ത്യയില്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കു തുടക്കമിട്ടത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴില്‍ ധനമന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയാണ്, വൈകിട്ട് അഞ്ചിനു ബജറ്റ് അവതരിപ്പിക്കുകയെന്ന പതിവ് രാവിലെ പതിനൊന്നു മണിയിലേക്കു മാറ്റിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com