ബുള്‍ഡോസര്‍ അയയ്ക്കുകയല്ല വേണ്ടത്; ആളുകളെ ഇറക്കിവിടുകയല്ല കയ്യേറ്റപ്രശ്‌നത്തിന് പരിഹാരമെന്ന് ഹൈക്കോടതി

ആളുകളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുകയും ഇറക്കിവിടുകയും ചെയ്യുകയല്ല കയ്യേറ്റ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ആളുകളെ കയ്യേറ്റക്കാരായി ചിത്രീകരിക്കുകയും ഇറക്കിവിടുകയും ചെയ്യുകയല്ല കയ്യേറ്റ പ്രശ്‌നത്തിനുള്ള പരിഹാരമെന്ന് ബോംബെ ഹൈക്കോടതി. കെട്ടിടങ്ങള്‍ ഇടിച്ചു നിരത്താന്‍ ബുള്‍ഡോസര്‍ അയയ്ക്കുകയല്ലാതെ കൂടുതല്‍ 'പരിഗണനാര്‍ഹമായ' രീതിയില്‍ ഈ പ്രശ്‌നത്തെ സമീപിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

പശ്ചിമ റെയില്‍വേ നല്‍കിയ ഇറക്കിവിടല്‍ നോട്ടീസിന് എതിരെ മുംബൈയിലെ ഏകതാ വെല്‍ഫെയര്‍ സൊസൈറ്റി നല്‍കിയ ഹര്‍ജിയിലാണ്, ജസ്റ്റിസുമാരായ ഗൗതം പട്ടേല്‍, നീലാ ഗോഖലെ എന്നിവരുടെ നിരീക്ഷണം. ഹര്‍ജിയില്‍ പശ്ചിമ റെയില്‍വേ, മുംബൈ കോര്‍പ്പറേഷന്‍, എംഎംആര്‍ഡിഎ എന്നിവയ്ക്കു നോട്ടീസ് അയച്ച കോടതി പുനരധിവാസ നയത്തെക്കുറിച്ച് അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

ആളുകളെ കയ്യേറ്റക്കാര്‍ എന്നു ചിത്രീകരിക്കുന്നതു കൊണ്ടു മാത്രം പ്രശ്‌നത്തിന് പരിഹാരമാവുന്നില്ല. ഇത് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന ഗൗരവമേറിയ വിഷയമാണ്. ചിലപ്പോഴെല്ലാം ഇങ്ങനെയുള്ള മാറ്റല്‍ സങ്കല്‍പ്പിക്കാവുന്നതിലും വലിയ തോതിലാണ്. ഇടിച്ചു നിരത്താന്‍ ബുള്‍ഡോസറുകള്‍ അയയ്ക്കുന്നതല്ലാതെ, കൂടുതല്‍ പരിഗണനാര്‍ഹമായ വിധത്തില്‍ സമീപിക്കേണ്ട വിഷയമാണിത്.- കോടതി പറഞ്ഞു.

ഫെബ്രുവരി ഏഴു വരെയുള്ള കണക്ക് അനുസരിച്ച് 101 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയതായി റെയില്‍വേ അറിയിച്ചു. ഇത്തരത്തില്‍ കെട്ടിടങ്ങള്‍ പൊളിക്കുമ്പോള്‍ പാലിക്കേണ്ട, സുപ്രീം കോടതി നിര്‍ദേശങ്ങള്‍ റെയില്‍വേ ലംഘിച്ചതായി കോടതി ചൂണ്ടിക്കാട്ടി. അര്‍ഹരായവര്‍ക്കു പുനരധിവാസത്തിന് സൗകര്യമൊരുക്കിവേണം ഒഴിപ്പിക്കല്‍ എന്നു സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നു കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com